നഗരം വിട്ട് ഓസ്‌ട്രേലിയക്കാർ; സിഡ്‌നിയിലും മെൽബണിലും നിന്ന് ഗ്രാമങ്ങളിലേക്ക് വൻ കുടിയേറ്റം

നഗരം വിട്ട് ഓസ്‌ട്രേലിയക്കാർ; സിഡ്‌നിയിലും മെൽബണിലും നിന്ന് ഗ്രാമങ്ങളിലേക്ക് വൻ കുടിയേറ്റം

സിഡ്‌നി: ആധുനിക നഗരജീവിതത്തിന്റെ തിരക്കുകളിൽ നിന്നും അമിത ചിലവുകളിൽ നിന്നും മോചനം തേടി ഓസ്‌ട്രേലിയക്കാർ ഗ്രാമീണ-തീരദേശ മേഖലകളിലേക്ക് താമസം മാറ്റുന്നു. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട 2024-25 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം സിഡ്‌നി, മെൽബൺ തുടങ്ങിയ നഗരങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് പ്രാദേശിക മേഖലകളിലേക്ക് കുടിയേറിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2024-25) സിഡ്‌നിയിൽ നിന്ന് 33,000 പേരും മെൽബണിൽ നിന്ന് 8,500 പേരും നഗരം വിട്ടു.

കോമൺവെൽത്ത് ബാങ്കും റീജിയണൽ ഓസ്‌ട്രേലിയ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി പുറത്തിറക്കിയ 'റീജിയണൽ മൂവേഴ്‌സ് ഇൻഡക്സ്' പ്രകാരം നഗരം വിടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം ക്വീൻസ്‌ലൻഡിലെ സൺഷൈൻ കോസ്റ്റ് ആണ്. ഗ്രേറ്റർ ഗീലോങ്, ഫ്രേസർ കോസ്റ്റ്, ലേക്ക് മക്വാറി, മൂറാബൂൾ തുടങ്ങിയ പ്രദേശങ്ങളിലേക്കും വൻതോതിൽ ജനങ്ങൾ കുടിയേറുന്നുണ്ട്. സിഡ്‌നി, മെൽബൺ നഗരങ്ങൾ കഴിഞ്ഞാൽ ബ്രീസ്ബേൻ, പെർത്ത് എന്നിവിടങ്ങളിൽ നിന്നും ജനങ്ങൾ പ്രാദേശിക മേഖലകളിലേക്ക് മാറിത്തുടങ്ങുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കുറഞ്ഞ ചിലവിൽ വീടുകൾ ലഭ്യമാകുന്നതും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളുമാണ് നഗരവാസികളെ പ്രാദേശിക മേഖലകളിലേക്ക് ആകർഷിക്കുന്നത്. നഗരങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞുപോകുമ്പോഴും വിദേശത്തുനിന്നുള്ള കുടിയേറ്റക്കാരുടെ വരവ് ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നുണ്ട്. കഴിഞ്ഞ വർഷം 78,000 ത്തിലധികം വിദേശികളാണ് സിഡ്‌നിയിൽ എത്തിയത്.‌‌‌

പ്രാദേശിക മേഖലകളിലേക്കുള്ള ജനങ്ങളുടെ ഈ കുടിയേറ്റം ഗ്രാമപ്രദേശങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് ആക്കം കൂട്ടുമെന്നും റീജിയണൽ ഓസ്‌ട്രേലിയ ഇൻസ്റ്റിറ്റ്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ലിസ് റിച്ചി പറഞ്ഞു. നഗരങ്ങളിലെ വീർപ്പുമുട്ടലിൽ നിന്ന് മാറി സ്വസ്ഥമായ ജീവിതം ആഗ്രഹിക്കുന്നവരുടെ എണ്ണം വരും വർഷങ്ങളിൽ ഇനിയും വർദ്ധിക്കുമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.