വിമര്‍ശനം നിര്‍ണായക ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കാനിരിക്കെ
ടെല്‍ അവിവ്: പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ റൂവന്‍ അസര്‍. പാകിസ്ഥാന്‍ ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമായതിനാല്‍ അവരെ ഒരു തരിപോലും വിശ്വസമില്ലെന്നായിരുന്നു ഇസ്രയേല്‍ അംബാസിഡറുടെ പ്രതികരണം.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന് പരിഹാരം കണ്ടെത്താന്‍ നിര്‍ണായക ചര്‍ച്ചകള്‍ക്ക് ഇന്ന് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കാനിരിക്കെയാണ് ഇസ്രയേല്‍ അംബാസിഡറുടെ വിമര്‍ശനം. രണ്ടാഴ്ചത്തെ താല്‍കാലിക വെടിനിര്‍ത്തലിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും നേരിട്ടുള്ള ചര്‍ച്ചകള്‍ക്കായി ഇസ്ലമബാദില്‍ എത്തുന്നത്. പശ്ചിമേഷ്യയില്‍ പടരുന്ന യുദ്ധ സമാനമായ സാഹചര്യം ഒഴിവാക്കി ശാശ്വത സമാധാനം ഉറപ്പാക്കുകയാണ് ചര്‍ച്ചയുടെ ലക്ഷ്യം.
തങ്ങള്‍ പാകിസ്ഥാനികളെ വിശ്വസിക്കുന്നില്ല. അമേരിക്കക്കാര്‍ അവരെ വിശ്വസിക്കുന്നുവെന്ന് അമിതമായി ആവേശം കൊള്ളേണ്ടതുമില്ല. ചര്‍ച്ചകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന ഒരു സഹായിയുടെ പരിഗണന മാത്രമേ പാകിസ്ഥാന് അമേരിക്കയും നല്‍കുന്നുള്ളൂ. ഇത് വെറുമൊരു സാങ്കേതിക സഹായം മാത്രമാണ്. അതിലപ്പുറം ഒന്നുമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ ലബനനിലെ ഇസ്രയേല്‍ ആക്രമണങ്ങളെ പാകിസ്ഥാന്‍ അപലപിച്ചതിനെതിരെയും റൂവന്‍ അസര്‍ രംഗത്തെത്തി. രാജ്യത്തിന്റെ പ്രതിരോധത്തിനായി ഇസ്രയേല്‍ ആവശ്യമായ നടപടികള്‍ തുടരുമെന്ന് അദേഹം വ്യക്തമാക്കി. ഗാസയിലെ സമാധാന സേനയില്‍ പാകിസ്ഥാന്‍ സൈന്യം ഉള്‍പ്പെടുന്നതിനോട് ഇസ്രയേലിന് താല്‍പര്യമില്ലെന്നും ഹമാസും ലഷ്‌കറെ തൊയ്ബ പോലുള്ള ഭീകര സംഘടനകളും തമ്മിലുള്ള ബന്ധത്തില്‍ ആശങ്കയുണ്ടെന്നും അദേഹം നേരത്തെ പറഞ്ഞിരുന്നു. പശ്ചിമേഷ്യയില്‍ സ്ഥിരത കൊണ്ടുവരാന്‍ അമേരിക്കയ്ക്ക് സാധിക്കുമെന്നാണ് ഇസ്രയേല്‍ പ്രതീക്ഷിക്കുന്നതെന്നും അദേഹം വ്യക്തമാക്കി.
15 ഇന വെടിനിര്‍ത്തല്‍ പദ്ധതിയാണ് യു.എസ് പാക്കിസ്ഥാന്‍ വഴി ആദ്യം ഇറാനു കൈമാറിയത്. ഇതു തള്ളിയ ഇറാന്‍ 10 ഇന ബദല്‍ പദ്ധതി മുന്നോട്ടുവെയ്ക്കുകയായിരുന്നു. ഇതോടെ ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ് അന്ത്യശാസനം നല്‍കി. പതിനൊന്നാം മണിക്കൂറില്‍ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്രംപുമായി സംസാരിച്ച്, ആക്രമണം രണ്ടാഴ്ചത്തേയ്ക്ക് നിര്‍ത്തിവെയ്ക്കണമെന്ന് അഭ്യര്‍ഥിക്കുകയായിരുന്നു. ഒടുവില്‍ വെടിനിര്‍ത്തുമെങ്കില്‍ ഹോര്‍മുസ് തുറക്കാമെന്ന് ഇറാന്‍ സമ്മതിച്ചതോടെ കരാറിന് വഴിതെളിയുകയായിരുന്നു.
സമാധാന ചര്‍ച്ചകളില്‍ പാകിസ്ഥാന്‍ സ്വയം മധ്യസ്ഥനായി ചമയുന്നുണ്ടെങ്കിലും ഇതിന് പിന്നില്‍ വൈറ്റ് ഹൗസിന്റെ ശക്തമായ സമ്മര്‍ദ്ദമുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനെ വെടിനിര്‍ത്തലിന് സമ്മതിപ്പിക്കാന്‍ അമേരിക്ക പാകിസ്ഥാനെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ലബനനില്‍ ഇസ്രയേല്‍ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ തകരാനും ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും സംഘര്‍ഷമുണ്ടാകാനും സാധ്യതയുണ്ടെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ലബനന്‍ ഈ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമല്ലെന്നാണ് ട്രംപും നെതന്യാഹുവും വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.