കെയ്റോ: ലോകത്തിലെ തന്നെ ആദ്യകാല ക്രൈസ്തവ സന്യാസ സമൂഹങ്ങളിലൊന്നിന്റെ ശേഷിപ്പുകൾ ഈജിപ്ഷ്യൻ മരുഭൂമിയിൽ കണ്ടെത്തി. ബെഹൈറ ഗവർണറേറ്റിലെ വാദി എൽ-നട്രൂണിൽ നിന്ന് നാലാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന പുരാതനമായ ഒരു ആശ്രമമാണ് പുരാവസ്തു ഗവേഷകർ പുറത്തെടുത്തത്. ഈജിപ്ഷ്യൻ ടൂറിസം, പുരാവസ്തു മന്ത്രാലയമാണ് കഴിഞ്ഞ മാർച്ചിൽ നടന്ന ഈ നിർണായക കണ്ടെത്തലിന്റെ വിവരം പുറത്തുവിട്ടത്.
ഏകദേശം 21,528 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ ബൃഹത്തായ ആശ്രമ സമുച്ചയം അക്കാലത്തെ വാസ്തുവിദ്യാ മികവിന്റെ അടയാളമാണ്. മൂന്ന് അടിയിലേറെ കനമുള്ള മതിലുകളും ഏഴ് അടി വരെ ഉയരമുള്ള മുറികളും ഇതിനുണ്ട്. സന്യാസിമാരുടെ താമസമുറികൾ, അടുക്കളകൾ, ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കാനുള്ള സംഭരണ കേന്ദ്രങ്ങൾ, വലിയ അടുപ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന കെട്ടിടങ്ങൾ ഒരു തുറന്ന മുറ്റത്തിന് ചുറ്റുമായാണ് നിർമ്മിച്ചിരിക്കുന്നത്. ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച നിലവറകളും താഴികക്കുടങ്ങളും ഉൾപ്പെടെ വിവിധ രീതിയിലുള്ള മേൽക്കൂര സംവിധാനങ്ങളും ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.
ആശ്രമത്തിന്റെ ചുവരുകളിൽ അക്കാലത്തെ വിശ്വാസ ജീവിതത്തെ അടയാളപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും ലിഖിതങ്ങളും ഗവേഷകർ കണ്ടെത്തി. കുരിശുകൾ, ഈന്തപ്പനകൾ, സസ്യങ്ങൾ, വിവിധ ജ്യാമിതീയ രൂപങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചുമർ ചിത്രങ്ങൾ ഇതിൽ പ്രധാനമാണ്. കൂടാതെ അവിടെ ജീവിച്ചിരുന്ന സന്യാസിമാരുടെ പേരുകൾ രേഖപ്പെടുത്തിയ നിരവധി ലിഖിതങ്ങളും കണ്ടെത്താനായിട്ടുണ്ട്. സന്യാസിമാരുടേതെന്ന് കരുതപ്പെടുന്ന അസ്ഥികൂട അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ക്രിസ്തീയ സന്യാസ പാരമ്പര്യം അതിന്റെ പ്രാരംഭ ഘട്ടത്തിൽ എങ്ങനെയായിരുന്നുവെന്ന് മനസിലാക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് ഗവേഷകർ വിശ്വസിക്കുന്നു. സമുച്ചയത്തിന്റെ വാസ്തുവിദ്യാ സവിശേഷതകളെക്കുറിച്ചും ലിഖിതങ്ങളെക്കുറിച്ചും കൂടുതൽ ശാസ്ത്രീയമായ പഠനങ്ങൾ നടത്താനാണ് പുരാവസ്തു വകുപ്പിന്റെ തീരുമാനം. മണൽക്കാടിനടിയിൽ ഇത്രയും കാലം ഭദ്രമായിരുന്ന ഈ കേന്ദ്രം ചരിത്രകാരന്മാർക്കും വിശ്വാസികൾക്കും ഒരേപോലെ ആവേശം നൽകുന്നതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.