'മനുഷ്യരാശിക്ക് ശാപം, ഇസ്രയേല്‍ കാന്‍സര്‍ രാജ്യം': രൂക്ഷ വിമര്‍ശനവുമായി പാകിസ്ഥാന്‍; പ്രസ്താവന പ്രകോപനപരവും വംശീയവുമെന്ന് നെതന്യാഹു

'മനുഷ്യരാശിക്ക് ശാപം, ഇസ്രയേല്‍ കാന്‍സര്‍ രാജ്യം': രൂക്ഷ വിമര്‍ശനവുമായി പാകിസ്ഥാന്‍; പ്രസ്താവന പ്രകോപനപരവും വംശീയവുമെന്ന് നെതന്യാഹു

ഇസ്ലമാബാദ്: ലബനനിലെ ഇസ്രയേല്‍ ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേലിനെ കാന്‍സര്‍ എന്നും മനുഷ്യരാശിക്ക് ശാപം എന്നും വിശേഷിപ്പിച്ച ഖ്വാജ, ഗാസയ്ക്കും ഇറാനും പിന്നാലെ ലബനനിലും ഇസ്രയേല്‍ വംശഹത്യ തുടരുകയാണെന്ന് പറഞ്ഞു. പാലസ്തീന്‍ മണ്ണില്‍ ഈ കാന്‍സര്‍ രാജ്യം സ്ഥാപിച്ചവര്‍ നരകത്തില്‍ വെന്തുനീറട്ടെ എന്നും പാക് പ്രതിരോധ മന്ത്രി എക്‌സിലെ പോസ്റ്റില്‍ കുറിച്ചു. എന്നാല്‍ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു.

അതേസമയം ഖ്വാജയുടെ പരാമര്‍ശങ്ങള്‍ക്കെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വിദേശകാര്യ മന്ത്രി ഗിദിയോണ്‍ സറും രംഗത്തെത്തി. പാക് മന്ത്രിയുടെ പ്രസ്താവന പ്രകോപനപരവും വംശീയവുമാണെന്നും ഒരു സര്‍ക്കാരും ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാന്‍ പാടില്ലെന്നും ഇരുവരും വ്യക്തമാക്കി.

യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കേ ലബനനില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണം. ഇറാന്‍-യു.എസ് സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വെടിനിര്‍ത്തല്‍ ലബനന്‍ ഉള്‍പ്പെടെ എല്ലായിടത്തും ബാധകമാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ പ്രസ്താവന തള്ളിയ നെതന്യാഹുവും ട്രംപും ലബനന്‍ കരാറിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഈ തര്‍ക്കങ്ങള്‍ക്കിടയിലാണ് ഇസ്രയേലിനെ രൂക്ഷമായി പരിഹസിച്ച് പാക് പ്രതിരോധ മന്ത്രി രംഗത്തെത്തിയത്.

ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളില്ലാത്ത പാകിസ്ഥാനും ഇസ്രയേലും തമ്മില്‍ ഇത്തരത്തില്‍ നേരിട്ടൊരു ഏറ്റുമുട്ടല്‍ ഉണ്ടാകുന്നത് അപൂര്‍വമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.