അമേരിക്കയുടെ ഏറ്റവും വിലയേറിയ ആളില്ലാ വിമാനം ഹോര്‍മുസില്‍ കാണാതായി; അപ്രത്യക്ഷമായത് ഇറാനിലെ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ

അമേരിക്കയുടെ ഏറ്റവും വിലയേറിയ ആളില്ലാ വിമാനം ഹോര്‍മുസില്‍ കാണാതായി; അപ്രത്യക്ഷമായത് ഇറാനിലെ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് പിന്നാലെ

വാഷിങ്ടണ്‍: അമേരിക്കന്‍ സൈന്യത്തിന്റെ വിലയേറിയ ഡ്രോണുകളിലൊന്ന് ഹോര്‍മുസില്‍ കാണാതായതായി റിപ്പോര്‍ട്ട്. എംക്യു-4സി (MQ-4C) ട്രൈറ്റണ്‍ എന്ന നിരീക്ഷണ ഡ്രോണ്‍ ആണ് അപ്രത്യക്ഷമായത്. ഇറാനില്‍ വെടിനിര്‍ത്തലിന് ധാരണയായതിന് തൊട്ട് പിന്നാലെയാണ് ഹോര്‍മുസില്‍ നിന്ന് ഡ്രോണ്‍ കാണാതായത്.

200 മില്യണ്‍ ഡോളറിലധികം (ഏകദേശം 1856 കോടി രൂപ) വിലമതിക്കുന്ന ട്രൈറ്റണ്‍, യുഎസ് സൈന്യത്തിന്റെ കൈവശമുള്ള ഏറ്റവും വിലയേറിയ ആളില്ലാ വിമാനങ്ങളില്‍ ഒന്നാണ്.

റഡാര്‍ സംവിധാനങ്ങളില്‍ നിന്നുള്ള വിവരം അനുസരിച്ച് താഴേക്ക് പതിക്കുന്നതിന് മുമ്പ് ഒരു അടിയന്തര കോഡ് ഡ്രോണില്‍ നിന്ന് ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. അടിയന്തര കോഡ് പുറപ്പെടുവിച്ചതിന് പിന്നാലെ ഡ്രോണ്‍ ട്രാക്കിങില്‍ നിന്ന് കാണാതാകുകയായിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിനും കടലിടുക്കിനും മുകളിലായി ഏകദേശം മൂന്ന് മണിക്കൂര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയ ഡ്രോണ്‍ ഇറ്റലിയിലെ നാവിക എയര്‍ സ്റ്റേഷനായ സിഗൊനെല്ലയിലേക്ക് മടങ്ങും വഴിയാണ് അപ്രത്യക്ഷമായത്. യന്ത്രത്തകരാര്‍ ആണോ വെടിവെച്ചിട്ടതാണോ എന്നതിനെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

നിരന്തരമായ വലിയ തോതിലുള്ള സമുദ്ര നിരീക്ഷണം ലക്ഷ്യമാക്കി രൂപകല്‍പന ചെയ്ത ഈ ഡ്രോണിന് 50,000 അടിക്ക് മുകളിലുള്ള ഉയരത്തില്‍ 24 മണിക്കൂറിലധികം തുടര്‍ച്ചയായി പറക്കാനാകും. 7,400 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയും ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.