കോട്ടയം: മെത്രാന്മാരെ രൂക്ഷമായി വിമര്‍ശിച്ച പി.സി ജോര്‍ജിന് ശക്തമായ മറുപടിയുമായി കത്തോലിക്കാ കോണ്‍ഗ്രസ്. രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് എന്തും വിളിച്ചു പറയാനുള്ള ലൈസന്‍സ് അല്ല. പി.സി ജോര്‍ജിനെപ്പോലെയുള്ള രാഷ്ട്രീയ കോമരങ്ങള്‍ കേരള രാഷ്ട്രീയത്തിന് തന്നെ വലിയ മാനക്കേടാണെന്നും കത്തോലിക്കാ കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി രൂപത വ്യക്തമാക്കി.
സംസ്ഥാനത്തെ വോട്ടെടുപ്പിന് പിന്നാലെ സഭയ്ക്കെതിരെ പി.സി ജോര്‍ജ് ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. കാഞ്ഞിരപ്പള്ളി ബിഷപ് ചില സ്ഥലങ്ങളില്‍ യുഡിഎഫിന് വോട്ട് ചെയ്യാന്‍ നിര്‍ദേശിച്ചു എന്നായിരുന്നു പി.സി ജോര്‍ജിന്റെ പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനാ രഹിതമാണെന്ന് സംഘടന വ്യക്തമാക്കി. ജോര്‍ജിന്റെ ഇത്തരം പ്രസ്താവനകള്‍ രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും സംഘടന കുറ്റപ്പെടുത്തി.
മെത്രാന്മാര്‍ക്ക് പുറമെ സഭയുടെ മുഖപത്രമായ ദീപികയ്ക്കെതിരെയും പി.സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും വിമര്‍ശനം ഉന്നയിച്ചിരുന്നു. വിവാദമായ എഫ്.സി.ആര്‍.എ ബില്ലുമായി ബന്ധപ്പെട്ടും ജോര്‍ജ് പ്രകോപനപരമായ പരാമര്‍ശം നടത്തിയിരുന്നു. ബില്ലില്‍ പ്രതിഷേധമുള്ളവര്‍ക്ക് വീട്ടില്‍ പോയി ഇരിക്കാം എന്നായിരുന്നു അദേഹത്തിന്റെ പരിഹാസം.
തിരഞ്ഞെടുപ്പില്‍ പാലായിലും പൂഞ്ഞാറിലും ക്രൈസ്തവ സഭ തന്നോടൊപ്പം നിന്നില്ലെന്ന നിരാശയാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ രാഷ്ട്രീയ തിരിച്ചടികള്‍ക്ക് സഭയെയും മെത്രാന്മാരെയും പഴിക്കുന്ന രീതിയാണ് ജോര്‍ജ് ഇപ്പോള്‍ സ്വീകരിക്കുന്നത്. എന്നാല്‍ വ്യാജ ആരോപണങ്ങളിലൂടെ സഭയെയും നേതൃത്വത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് കത്തോലിക്കാ കോണ്‍ഗ്രസ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.