'അതിരുകളില്ലാത്ത സംഗീതം നിലച്ചു'; പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു

'അതിരുകളില്ലാത്ത സംഗീതം നിലച്ചു'; പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെ അന്തരിച്ചു

മുംബൈ: ഇന്ത്യന്‍ സംഗീത രംഗത്തെ വിസ്മയ ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അവരെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭോസ്‌ലെയുടെ മരണത്തില്‍ പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ അനുശോചനം അറിയിച്ചു.

പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയായ ലതാ മങ്കേഷ്‌കരുടെ സഹോദരിയാണ്. ഒപി നയ്യാര്‍, ബോംബൈ രവി, എസ്.ഡി. ബര്‍മന്‍, ആര്‍.ഡി. ബര്‍മന്‍, ഇളയരാജ, റഹ്‌മാന്‍, ജയ്ദേവ്, ശങ്കര്‍ ജയ്കിഷന്‍, അനുമാലിക്ക് തുടങ്ങി പ്രശസ്തരായ നിരവധി ബോളിവുഡ് സംഗീത സംവിധായകരുടെ ഈണങ്ങള്‍ക്ക് ആശ പാടിയിട്ടുണ്ട്.

മറാഠി നാടക വേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇന്‍ഡോറിലാണ് ആശ ജനിച്ചത്. ലതാ മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് സഹോദരങ്ങള്‍.

പിതാവ് ദീനാനാഥ് മങ്കേഷ്‌കറിന്റെ ശിക്ഷണത്തിലായിരുന്നു ആശയും ലതയും സംഗീതത്തിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചത്.1943 ല്‍ മജാബാല്‍ എന്ന മറാഠി ചിത്രത്തിലെ 'ചലാ ചലാ നവ്ബാല' എന്ന ഗാനം പാടിക്കൊണ്ട് പിന്നണി ഗാനരംഗത്ത് അരങ്ങേറി.

1956 ല്‍ ഒ.പി. നയ്യാറിന്റെ സംഗീത സംവിധാനത്തിന്‍ കീഴില്‍ സിഐഡി എന്ന ചിത്രത്തില്‍ പാടിയതാണ് ആശയുടെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് 1974 ല്‍ വഴി പിരിയുന്നതുവരെ ഈ സംഗീത ജോഡി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചു. ഹൗറ ബ്രിഡ്ജ്, കശ്മീര്‍ കി കലി, തുംസാ നഹി ദേഖാ, ഏക് മുസാഫിര്‍ ഏക് ഹസീന, മേരെ സനം തുടങ്ങി നിരവധി ചിത്രങ്ങളില്‍ പാടി.

ബി.ആര്‍ ബാനറിന്റെ പ്രമുഖ ചിത്രങ്ങളിലെല്ലാം പാടാന്‍ ആശയ്ക്ക് അവസരം ലഭിച്ചു. 1966 ല്‍ പുറത്തിറങ്ങിയ തീസിരി മന്‍സിലില്‍ പാടിക്കൊണ്ടായിരുന്നു ആശാ ഭോസ്ലെ - ആര്‍.ഡി. ബര്‍മന്‍ കൂട്ടുകെട്ടിന്റെ തുടക്കം. പിന്നീട് ആര്‍.ഡി. ബര്‍മന്റെ പ്രിയപ്പെട്ട ഗായികയായി മാറി. ആര്‍.ഡി ബര്‍മന്റെ കീഴിലാണ് ആശ ഒരു സമ്പൂര്‍ണ ഗായികയായി തീരുന്നത്. ആ സംഗീത ബന്ധം വിവാഹം വരെ എത്തി.

തന്റെ പതിനാറാം വയസില്‍ കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഗണപത്‌റാവു ഭോസ്‌ലെയെ ആശ വിവാഹം കഴിച്ചിരുന്നു. പിന്നീട് ആ ബന്ധം വേര്‍പിരിഞ്ഞ ശേഷം 1980 ലാണ് ആര്‍.ഡി. ബര്‍മനെ വിവാഹം കഴിച്ചത്.

ഗ്രാമിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരിയാണ് ആശാ ഭോസ്ലെ. 2000 ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും 2008 ല്‍ പത്മ വിഭൂഷണും നല്‍കി രാജ്യം ഗായികയെ ആദരിച്ചു.

ജോധ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ആദ്യത്തെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ (ഡി.ലിറ്റ്.) പുരസ്‌കാരം നേടിയത് ആശാ ഭോസ്ലെയാണ്. 2015 ലെ ബിബിസിയുടെ 100 പ്രചോദനാത്മക വനിതകളുടെ പട്ടികയിലും അവര്‍ ഇടം നേടിയിരുന്നു. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകള്‍ ആശാ ഭോസ്‌ലെ പാടിയിട്ടുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.