'ഇറാനെതിരെ ശക്തമായ സൈനിക നടപടി': ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ വീണ്ടും ആക്രമണ സൂചന നല്‍കി ട്രംപ്

'ഇറാനെതിരെ  ശക്തമായ സൈനിക നടപടി': ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ വീണ്ടും ആക്രമണ സൂചന നല്‍കി ട്രംപ്

വാഷിങ്ടണ്‍: പാക് തലസ്ഥാനമായ ഇസ്ലമാബാദില്‍ ശനിയാഴ്ച നടന്ന ഇറാന്‍-യു.എസ് സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനെതിരെ വീണ്ടും ശക്തമായ സൈനിക നടപടിയെന്ന സൂചന നല്‍കി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്തുമെന്നും  വ്യോമാക്രമണങ്ങള്‍  പുനരാരംഭിക്കുമെന്നുമാണ് ട്രംപ് നല്‍കുന്ന സൂചന.

ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനെതിരേ സ്വീകരിക്കാന്‍ പോവുന്ന നടപടികള്‍ എന്താണെന്ന് വിശദീകരിക്കുന്ന 'ജസ്റ്റ് ദി ന്യൂസ്' എന്ന വെബ്സൈറ്റിലെ ഒരു ലേഖനം ട്രംപ് വീണ്ടും പോസ്റ്റ് ചെയ്തു. ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇത് വീണ്ടും പോസ്റ്റ് ചെയ്തത് ഇറാനുള്ള മുന്നറിയിപ്പായാണ് വിലയിരുത്തുന്നത്.

അമേരിക്ക മുന്നോട്ടു വെക്കുന്ന കരാര്‍ അംഗീകരിക്കാന്‍ ഇറാന്‍ വിസമ്മതിച്ചാല്‍ ഇറാനെ ബോബിട്ട് 'ശിലായുഗത്തിലേക്ക്' തള്ളാന്‍ സാധ്യതയുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. യു.എസ് വെനിസ്വേലക്ക് എതിരേ പ്രയോഗിച്ച അതേ രീതിയിലുള്ള ഉപരോധമാണ് ഇരാനെതിരെയും നടപ്പാക്കുക എന്നാണ് വിവരം.

പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നു വന്നതിനാലാണ് അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ധാരണയിലെത്താതെ പോയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഹുര്‍മുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം പൂര്‍ണായും അവസാനിപ്പിക്കുക, യുറേനിയം സമ്പുഷ്ടീകരണം ഉപേക്ഷിക്കുക എന്നിങ്ങനെ അമേരിക്ക മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ ഇറാന്‍ പ്രതിനിധികള്‍ നിരസിച്ചു. ലെബനനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമങ്ങള്‍ അവസാനിപ്പിക്കുന്നതിലും ധാരണയിലെത്താന്‍ കഴിഞ്ഞില്ല.

അതേസമയം നയതന്ത്ര സാധ്യതകള്‍ അസാനിച്ചിട്ടില്ലെന്നും ഇറാന്റെ ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തിലുള്ള ഉപാധികള്‍ ഇറാന്‍ അംഗീകരിക്കുമെന്നും മന്ത്രാലയം വ്യക്താക്കി. എന്നാല്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള സമയപരിധി പ്രഖ്യാപിച്ചിട്ടില്ല.

അമേരിക്കയുമായി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഇറാന്‍ തിടുക്കം കാട്ടുന്നില്ലെന്നും പന്ത് ഇപ്പോള്‍ അവരുടെ കോര്‍ട്ടിലാണെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയില്‍ ന്യായമായ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടു വെച്ചത്.

അമേരിക്ക തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തിയെന്നും ഇറാന് ന്യായമായി തേന്നുന്ന ഒരു കരാറില്‍ അമേരിക്ക ധാരണയില്‍ എത്തുന്നത് വരെ ഹുര്‍മുസ് കടലിടുക്കിലെ സ്ഥിതി മാറില്ലെന്നും ഇറാന്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.