നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം ഇന്ന് മുതല്‍: വനിതാ സംവരണവും മണ്ഡല പുനര്‍ നിര്‍ണയ ബില്ലും ചര്‍ച്ച ചെയ്യും; ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് പ്രതിപക്ഷം

നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം ഇന്ന് മുതല്‍: വനിതാ സംവരണവും മണ്ഡല പുനര്‍ നിര്‍ണയ ബില്ലും ചര്‍ച്ച ചെയ്യും; ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് പ്രതിപക്ഷം

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ അടക്കമുള്ളവ ചര്‍ച്ച ചെയ്യാനായി പാര്‍ലമെന്റിന്റെ മൂന്ന് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 2029 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വനിതാ സംവരണം നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള നിയമ ഭേദഗതി ബില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. ലോക്സഭ കടന്നാല്‍ ശനിയാഴ്ച ബില്ല് രാജ്യസഭയില്‍ എത്തും.

വനിതാ സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായി മൂന്ന് ഭേദഗതി ബില്ലുകളാണ് 16 മുതല്‍ 18 വരെ നീളുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിക്കുക. ബില്ലിന്മേല്‍ ലോക്‌സഭയില്‍ 18 മണിക്കൂറാണ് ചര്‍ച്ച നിശ്ചയിച്ചിട്ടുള്ളത്. ചര്‍ച്ചയുടെ ആദ്യ ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിക്കും. രാജ്യസഭയില്‍ 16 മണിക്കൂറാണ് ചര്‍ച്ചയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം അംഗങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ത്തിക്കൊണ്ട് സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാനാണ് ഇന്ത്യാ സഖ്യം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. നിലവിലെ 543 ലോക്സഭാ സീറ്റുകള്‍ 850 ആയി ഉയര്‍ത്താനാണ് ബില്ലിലെ നിര്‍ദേശം. അംഗങ്ങളുടെ എണ്ണം ഏകദേശം 50 ശതമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഓരോ സംസ്ഥാനത്തും എത്ര സീറ്റുകള്‍ വീതം കൂടുമെന്ന കാര്യത്തില്‍ ബില്ല് വ്യക്തത നല്‍കിയിട്ടില്ല. കേന്ദ്രത്തിന്റെ 50 ശതമാനം സീറ്റ് വര്‍ധന ഫോര്‍മുല നടപ്പിലായാല്‍ കേരളത്തിലെ ലോക്സഭാ സീറ്റുകള്‍ 20 ല്‍ നിന്നും 30 ആയി ഉയരും.

മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ വന്‍ തോതില്‍ വര്‍ധിക്കുമെന്നും ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാധാന്യം കുറയ്ക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. സ്ത്രീ ശാക്തീകരണത്തിന് പകരം 2029 ലെ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ തന്ത്രമാണ് ബില്ലിന് പിന്നിലെന്നാണ് ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ യോഗത്തിന്റെ വിലയിരുത്തല്‍. മണ്ഡല പുനര്‍ നിര്‍ണയം നടത്താനുള്ള വളഞ്ഞ വഴിയായി സര്‍ക്കാര്‍ ഈ ബില്ലിനെ ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

നിലവിലുള്ള 543 സീറ്റുകളില്‍ തന്നെ മൂന്നിലൊന്ന് വനിതകള്‍ക്കായി സംവരണം ചെയ്യുകയാണെങ്കില്‍ ബില്ലിനെ പിന്തുണയ്ക്കാമെന്നാണ് പ്രതിപക്ഷ നിലപാട്. ഭരണഘടനാ ഭേദഗതി ആയതിനാല്‍ ബില്ല് പാസാകാന്‍ 360 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. പ്രതിപക്ഷം കടുത്ത എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ ബില്ല് വോട്ടിനിട്ട് പാസാകുമോ അതോ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മാറ്റിവയ്ക്കപ്പെടുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. മണ്ഡല പുനര്‍ നിര്‍ണയ ബില്ലും ഈ കാലയളവില്‍ പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.