ഇസ്ലമാബാദ്: അമേരിക്ക-ഇറാന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഉടന്‍ നടക്കാനിടയില്ലെന്ന് സൂചന. ഒന്നാം ഘട്ട ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ഉടന്‍ തന്നെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം ഉള്‍പ്പെടെ പല സുപ്രധാന വിഷയങ്ങളിലും ഇരുരാജ്യങ്ങളും കടുംപിടുത്തം തുടരുന്നതിനാലാണ് അടുത്ത ചര്‍ച്ച എന്ന് നടക്കുമെന്ന കാര്യത്തില്‍ തീരുമാനമാകാത്തത്. ഇക്കാര്യങ്ങളില്‍ ഏകദേശ ധാരണ ആയതിന് ശേഷം നേര്‍ക്കുനേര്‍ ചര്‍ച്ചയ്ക്കിരിക്കാമെന്നാണ് പൊതുവായ അഭിപ്രായം.
ഇറാനുമായി തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ഇസ്ലമാബാദില്‍ നടക്കുമെങ്കിലും ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. രണ്ടാം ഘട്ട ചര്‍ച്ചയ്ക്കുള്ള തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവും വ്യക്തമാക്കി.
രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് മുന്നോടിയായി അമേരിക്ക രണ്ട് നിബന്ധനകള്‍ മുന്നോട്ടു വെച്ചിരുന്നു. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും തുറന്നു നല്‍കുക, ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ഇറാനിയന്‍ പ്രതിനിധി സംഘം ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) പിന്തുണയും തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരവും ഉറപ്പാക്കുക എന്നിവയാണ് അമേരിക്ക മുന്നോട്ടു വെച്ച പ്രധാന ആവശ്യങ്ങള്‍.
രണ്ടാംഘട്ട സമാധാന ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നതിനായി പാക് സംയുക്ത സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇറാനില്‍ എത്തിയിരുന്നു. അസിം മുനീറിന്റെ സന്ദര്‍ശനത്തില്‍ ചില വിഷയങ്ങളില്‍ നിലനിന്നിരുന്ന ഭിന്നതകള്‍ ലഘൂകരിക്കപ്പെട്ടതായും എന്നാല്‍ ആണവായുധവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള വിയോജിപ്പ് ഇപ്പോഴും തുടരുകയാണെന്നും മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ നീട്ടാനും ദീര്‍ഘകാല സമാധാന കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനും സാധ്യതയേറെയാണെന്നും അതിലേക്ക് ഇരുപക്ഷവും കൂടുതല്‍ അടുത്തിരിക്കുകയാണെന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.