'ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല': യു.എന്നില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ

'ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന്  തടസം സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല': യു.എന്നില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ

ന്യൂയോര്‍ക്ക്: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിത കപ്പല്‍ ഗതാഗതം അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് ഇന്ത്യ യു.എന്നില്‍ ആവശ്യപ്പെട്ടു. വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ഭീഷണികളില്‍ അതീവ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ, പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനും സംയമനം പാലിക്കാനും ബന്ധപ്പെട്ട രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വ്വതനേനി ഹരീഷ് ഇന്നലെ യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. 'വീറ്റോ ഇനിഷ്യേറ്റീവ്' പ്രകാരം നടന്ന മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളെ കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഇന്ത്യയുടെ ഊര്‍ജ, സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് സമുദ്ര സുരക്ഷ നിര്‍ണായകമാണ്. നിലവിലുള്ള സംഘര്‍ഷത്തിനിടയില്‍ വാണിജ്യ കപ്പലുകള്‍ ലക്ഷ്യമിടുന്നത് ഗൗരവകരമാണ്. ഈ സംഘര്‍ഷത്തില്‍ വാണിജ്യ കപ്പലുകളെ സൈനിക ആക്രമണങ്ങളുടെ ലക്ഷ്യമാക്കി മാറ്റിയതിനെ ഇന്ത്യ അപലപിക്കുന്നതായും ഹരീഷ് പറഞ്ഞു.

ഇന്ത്യന്‍ നാവികര്‍ക്കും ഈ സംഘര്‍ഷത്തിനിടയില്‍ ജീവന്‍ നഷ്ടമായിട്ടുണ്ട് എന്ന കാര്യം അദേഹം ഓര്‍മിപ്പിച്ചു. വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നതും നിരപരാധികളായ കപ്പല്‍ ജീവനക്കാരുടെ ജീവന്‍ അപകടത്തിലാക്കുന്നതും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നതും ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അദേഹം പറഞ്ഞു.

തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി നയതന്ത്ര ചര്‍ച്ചകളുടെ പാത സ്വീകരിക്കാന്‍ ഇന്ത്യ എല്ലാ രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു. പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും മാനിക്കുന്ന രാജ്യത്തിന്റെ നിലപാടും പര്‍വ്വതനേനി ഹരീഷ് എടുത്തു പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.