ഇനി ആപ്പിളില്‍ ടെര്‍ണസ് യുഗം; ടിം കുക്ക് സിഇഒ സ്ഥാനം ഒഴിയുന്നു

ഇനി ആപ്പിളില്‍ ടെര്‍ണസ് യുഗം; ടിം കുക്ക് സിഇഒ സ്ഥാനം ഒഴിയുന്നു

വാഷിങ്ടണ്‍: ടെക് വമ്പന്മാരായ ആപ്പിളിന്റെ അമരത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. ടിം കുക്ക് സ്ഥാനം ഒഴിയുന്നതോടെ ആപ്പിളിന്റെ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിങ് സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍ ടെര്‍ണസ് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം ഏറ്റെടുക്കും. കമ്പനി ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

സെപ്റ്റംബര്‍ ഒന്നിന് പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും. സിഇഒ സ്ഥാനം ഒഴിയുന്ന ടിം കുക്ക് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാറും. ആപ്പിള്‍ പോലെ മഹത്തായ സ്ഥാപനത്തിന്റെ സിഇഒ സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമാണെന്ന് കുക്ക് പറഞ്ഞു.

1998 ലാണ് ടിം കുക്ക് ആപ്പിള്‍ കമ്പനിയില്‍ ചേരുന്നത്. ആപ്പിളിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്ത് കുക്കിനുണ്ട്. 2011 ല്‍ സ്റ്റീവ് ജോബ്‌സിന്റെ വിയോഗത്തെത്തുടര്‍ന്നാണ് അദേഹം ആപ്പിളിന്റെ സിഇഒ ആയി ചുമതലയേറ്റത്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ആപ്പിളിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി നിലനിര്‍ത്തുന്നതില്‍ കുക്ക് നിര്‍ണായക പങ്കുവഹിച്ചു. ടിം കുക്കിന്റെ ഭരണകാലത്ത് ആപ്പിളിന്റെ വിപണി മൂല്യം 20 ഇരട്ടിയിലധികം വര്‍ധിച്ച് നാല് ട്രില്യണ്‍ ഡോളര്‍ എന്ന ചരിത്ര നേട്ടത്തില്‍ എത്തിയിരുന്നു.

2001 ല്‍ പ്രൊഡക്ട് ഡിസൈന്‍ വിഭാഗത്തിലായിരുന്നു ജോണ്‍ ടെര്‍ണസ് ആപ്പിളില്‍ ആദ്യമായി ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ഹാര്‍ഡ് വെയര്‍ എഞ്ചിനീയറിങില്‍ സീനിയര്‍ വൈസ് പ്രസിഡന്റായി. തുടര്‍ന്നുള്ള രണ്ട് പതിറ്റാണ്ടുകളില്‍ ഐഫോണുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ച്, മാക് കമ്പ്യൂട്ടറുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ഉല്‍പന്നങ്ങളുടെ വികസനത്തില്‍ അദേഹം മുന്‍നിരയിലുണ്ടായിരുന്നു.

ആപ്പിളിന്റെ ഭാവിയിലേക്കുള്ള ചുവടുവെപ്പില്‍ ടെര്‍ണസിന്റെ നേതൃത്വം വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് വിപണി നിരീക്ഷകര്‍ വിലയിരുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.