വാഷിങ്ടൺ: അമേരിക്കൻ കത്തോലിക്കാ സഭയ്ക്ക് പുത്തൻ ഉണർവേകി ഈ വർഷം നാനൂറിലധികം ഡീക്കന്മാർ പൗരോഹിത്യത്തിന്റെ തിരുകർമ്മങ്ങളിലേക്ക് പ്രവേശിക്കുന്നു. വിവിധ രൂപതകളിൽ നിന്നും സന്യാസ സമൂഹങ്ങളിൽ നിന്നുമായി ആകെ 428 ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിക്കാൻ ഒരുങ്ങുന്നതെന്ന് 'സെന്റർ ഫോർ അപ്ലൈഡ് റിസർച്ച് ഇൻ ദി അപ്പസ്തോലേറ്റ്' പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.
ശരാശരി 33 വയസ് പ്രായമുള്ളവരാണ് ഇത്തവണ വൈദിക ശുശ്രൂഷയിലേക്ക് ചുവടുവെക്കുന്നത്. തിരുപ്പട്ടം സ്വീകരിക്കുന്നവരിൽ 81 ശതമാനം പേർ വിവിധ രൂപതകൾക്ക് വേണ്ടിയും 19 ശതമാനം പേർ സന്യാസ സമൂഹങ്ങൾക്ക് വേണ്ടിയും നിയോഗിക്കപ്പെട്ടവരാണ്.
പൗരോഹിത്യം സ്വീകരിക്കുന്നവരിൽ ഭൂരിഭാഗം പേരും (74 ശതമാനം) അമേരിക്കയിൽ ജനിച്ചവരാണെങ്കിലും വിയറ്റ്നാം, മെക്സിക്കോ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഈ ആത്മീയ യാത്രയുടെ ഭാഗമാണ്.
ദൈവവിളിയിലേക്ക് നയിച്ച ഘടകങ്ങളിൽ പ്രാർത്ഥനാ രീതികൾക്ക് വലിയ പങ്കുണ്ടെന്ന് സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. സെമിനാരിയിൽ പ്രവേശിക്കുന്നതിന് മുമ്പ് 81 ശതമാനം പേരെ ദിവ്യകാരുണ്യ ആരാധനയും 79 ശതമാനം പേരെ ജപമാല പ്രാർത്ഥനയുമാണ് ആത്മീയ പാതയിലേക്ക് ആകർഷിച്ചത്. കൂടാതെ, തിരുപ്പട്ടം സ്വീകരിക്കുന്നവരിൽ 93 ശതമാനം പേരും സെമിനാരിയിൽ ചേരുന്നതിന് മുമ്പ് അൾത്താര സേവകരായോ വിശ്വാസ പരിശീലകരായോ ഇടവക ശുശ്രൂഷകളിൽ സജീവമായി പങ്കെടുത്തവരാണെന്നതും ശ്രദ്ധേയമാണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്‌സ് കമ്മിറ്റി ഓൺ ക്ലർജി, വോക്കേഷൻസ് എന്നിവയുമായി സഹകരിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അമേരിക്കൻ സഭയുടെ ഭാവി പ്രവർത്തനങ്ങൾക്ക് വലിയ കരുത്തു പകരുന്നതാണ് ഈ പുതിയ വൈദികരുടെ കടന്നുവരവ് എന്ന് സഭാ വൃത്തങ്ങൾ വിലയിരുത്തുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.