'ക്രിസ്തീയ ഭക്തിഗാനം പാടിയത് അപരാധമല്ല, അതില്‍ ഒരു തെറ്റുമില്ല; തീവ്ര ഹിന്ദുത്വ വാദികള്‍ക്ക് മറുപടിയുമായി നന്ദഗോവിന്ദം ഭജന്‍സും ക്ഷേത്രക്കമ്മിറ്റിയും

'ക്രിസ്തീയ ഭക്തിഗാനം പാടിയത് അപരാധമല്ല, അതില്‍ ഒരു തെറ്റുമില്ല; തീവ്ര ഹിന്ദുത്വ വാദികള്‍ക്ക് മറുപടിയുമായി നന്ദഗോവിന്ദം ഭജന്‍സും ക്ഷേത്രക്കമ്മിറ്റിയും

കോട്ടയം: ക്ഷേത്രോത്സവത്തിലെ സംഗീത പരിപാടിക്കിടെ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിന് സംഘ്പരിവാര്‍ നടത്തുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി ക്ഷേത്രക്കമ്മിറ്റിയും നന്ദഗോവിന്ദം ഭജന്‍സും.

കോട്ടയം നട്ടാശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും എല്ലാ മതസ്ഥരും സഹകരിക്കാറുണ്ടെന്നും ഈ പരിപാടിയും അത്തരത്തില്‍ സംഘടിപ്പിച്ചതാണെന്നും ക്ഷേത്ര കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

'ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് ഒരു വലിയ അപരാധമാണെന്ന് തങ്ങള്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാര്‍ദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള മതസൗഹാര്‍ദത്തെ എല്ലാവരുംകൂടി തകര്‍ക്കരുത് എന്ന് മാത്രമേ ഈ അവസരത്തില്‍ പറയാനുള്ളൂ.

'ഇവിടത്തെ ദേശവിളക്കിന് നമ്മള്‍ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോള്‍ അവര്‍ വഴിയരിയില്‍ തിരി തെളിക്കുന്നതും എല്ലാം വര്‍ഷവും പതിവാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും.

അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോള്‍ അവിടെ നന്ദഗോവിന്ദം ഭജന്‍സിലെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു. അപ്പോള്‍ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല' - ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.

'ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദേശം ഞങ്ങള്‍ക്കൊരിക്കലും ഉണ്ടായിരുന്നില്ല. ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കില്‍, ആ വികാരം ഞങ്ങള്‍ ഹൃദയപൂര്‍വം അംഗീകരിക്കുന്നു. ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി എപ്പോഴും നിലള്ളുന്നതാണ് നന്ദഗോവിന്ദം ഭജന്‍സ്. നന്ദിയും ആദരവും ബന്ധവും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണ് സംഗീതം എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതായിരുന്നു ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്ത' - നന്ദഗോവിന്ദം ഭജന്‍സ് വിശദീകരണത്തില്‍ പറഞ്ഞു.

ക്ഷേത്രോത്സവത്തിനിടെ നന്ദഗോവിന്ദം ഭജന്‍സ് ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതില്‍ അഭിനന്ദനവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതിനിടെയാണ് നന്ദഗോവിന്ദം ഭജന്‍സിനെതിരെ ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി. ശശികലയും ആര്‍.എസ്.എസ് നേതാവ് ഗുരുമൂര്‍ത്തിയും സംഘവും കടുത്ത വിദ്വേഷ പ്രചാരണം അഴിച്ചു വിട്ടത്.

മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ കെ.ജെ. യേശുദാസ് പാടിയ 'ഈ പരദേവനഹോ' എന്ന ഗാനമാണ് നന്ദഗോവിന്ദം ഭജന്‍സ് ആലപിച്ചത്. ക്ഷേത്രവും തൊട്ടടുത്ത പള്ളിയും തമ്മിലുള്ള ദൃഢമായ ബന്ധം ഉയര്‍ത്തിക്കാട്ടാനാണ് ഈ ഗാനം ആലപിക്കുന്നതെന്നും ഭജന സംഘം വേദിയില്‍ പറഞ്ഞിരുന്നു.

നന്ദഗോവിന്ദം ഭജന്‍സിന്റെ പ്രസ്താവനയുടെ പൂര്‍ണ രൂപം:

ഞങ്ങളുടെ അടുത്തിടെ നടന്ന ഭജനവുമായി ബന്ധപ്പെട്ട ഒരു നിമിഷത്തെ കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടക്കുന്നതായി ഞങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട്.

പൂര്‍ണമായ വ്യക്തതയോടും ആദരവോടും കൂടി ഇതിനെക്കുറിച്ച് ഞങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു.

ഈ പരിപാടി ഒരു ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. വിവിധ രീതികളില്‍ നിരവധി ആളുകള്‍ പിന്തുണച്ച ഒരു സംരംഭം. അതില്‍ പങ്കുചേരാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചു. പൂര്‍ണമായും ഭക്തി ഭാവത്തോടെയാണ് ഞങ്ങള്‍ ഈ പരിപാടി അവതരിപ്പിച്ചത്, യാതൊരു പ്രതിഫലവും സ്വീകരിക്കാതെ.

പരിപാടിയുടെ ഭാഗമായി, സംഘാടകരുടെയും പ്രേക്ഷകരുടെയും അനുമതിയോടെ ഈ സംരംഭത്തിന് പിന്തുണ നല്‍കിയവര്‍ക്കുള്ള ചെറിയ നന്ദി രേഖപ്പെടുത്തലായി ഞങ്ങള്‍ ഒരു ഗാനം ആലപിച്ചു.

ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാനുള്ള ഉദേശം ഞങ്ങള്‍ക്കൊരിക്കലും ഉണ്ടായിരുന്നില്ല. ഇത് ആരെയെങ്കിലും അസ്വസ്ഥരാക്കിയിട്ടുണ്ടെങ്കില്‍, ആ വികാരം ഞങ്ങള്‍ ഹൃദയപൂര്‍വം അംഗീകരിക്കുന്നു.

നന്ദഗോവിന്ദം എപ്പോഴും ഭക്തി, ഐക്യം, സംഗീതത്തിലൂടെ ആളുകള്‍ ഒന്നാകുന്ന ആത്മാവ് എന്നിവയ്ക്കായി നിലകൊണ്ടതാണ്. അത് മാറിയിട്ടില്ല.

സംഗീതം നന്ദിയും ആദരവും ബന്ധവും പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ശക്തിയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതായിരുന്നു ആ നിമിഷത്തിന് പിന്നിലുള്ള ഏക ചിന്ത.

എല്ലാവര്‍ക്കും ആദരത്തോടെ,

നന്ദഗോവിന്ദം ഭജന്‍സ്.

നട്ടാശേരി വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ പ്രസ്താവനയുടെ പൂര്‍ണ രൂപം:

വിഷയം :- നന്ദഗോവിന്ദം ഭജന്‍സ് 2026 ഏപ്രില്‍ 14 പ്രോഗ്രാം ആയി ബന്ധപ്പെട്ട്.

ഈ സാഹചര്യത്തില്‍ ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ. അതും പ്രത്യേകിച്ച് ക്ഷേത്രത്തെ സംബന്ധിച്ചാകുമ്പോള്‍. നന്ദഗോവിന്ദം ഭജന്‍സ് കഴിഞ്ഞ പതിനാലാം തിയതി ഒരു പ്രോഗ്രാം ഞങ്ങളുടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയിരുന്നു. ക്ഷേത്ര പുനര്‍നിര്‍മാണം നടക്കുന്നതു കൊണ്ടും അതിന് ഒരു പ്രചാരണമെന്ന് രീതിയില്‍ നന്ദഗോവിന്ദം ഭജന്‍സ് ഫ്രീ ആയിട്ട് ക്ഷേത്രത്തിനു വേണ്ടി നടത്തിയ പ്രോഗ്രാമാണ്.

അത് കുറച്ചു പേര്‍ വളരെയധികം വിവാദത്തില്‍ എത്തിച്ചിരിക്കുകയാണ്. ഒരു കാര്യം പ്രത്യേകമായി പറയാനുള്ളത്, ഒന്നാമതായി ഈ പ്രോഗ്രാം നടന്നത് ക്ഷേത്ര മതില്‍ക്കെട്ടിനകത്തല്ല. അതിനുള്ളില്‍ സ്ഥലമില്ലാതിരുന്നത് കൊണ്ട് വെളിയില്‍ ഒരു സ്ഥലം അതിനു വേണ്ടി ഒരുക്കി എടുക്കുകയാണ് ചെയ്തത്.

തന്നെയുമല്ല ഈ നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും, അതിന് ഇന്ന മതം എന്നൊന്നുമില്ല, എല്ലാവരും ഒരുമിച്ച് സഹകരിച്ചാണ് ഈ പ്രോഗ്രാം ഇവിടെ നടത്തിയത്. നന്ദഗോവിന്ദത്തിന്റെ സ്വന്തം തട്ടകം, അവര്‍ വളര്‍ന്നത് ഇവിടെ നിന്നാണ്. നവീന്‍ എല്‍.കെ.ജി മുതല്‍ പഠിച്ചത് ഇവിടത്തെ പള്ളി സ്‌കൂളിലാണ്. പഠിപ്പിച്ചത് എല്ലാ വിഭാഗത്തിലുമുള്ള ടീച്ചര്‍മാരുമുണ്ട്.

അതിനാല്‍ തന്നെ പ്രോഗ്രാം കേള്‍ക്കാന്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ സഹകരിച്ചിരുന്നു. ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീ പാസോടു കൂടിയാണ് പ്രോഗ്രാം കണ്‍ട്രോള്‍ ചെയ്തത്. ഈ നാട്ടിലുള്ള എല്ലാവര്‍ക്കും പ്രോഗ്രാം കാണുന്നതിനും കേള്‍ക്കുന്നതിനും ജാതിമതഭേദമന്യേ പാസുകള്‍ വീട്ടിലെത്തിച്ചിരുന്നു. എല്ലാവരും വരികയും പ്രോഗ്രാം കേള്‍ക്കുകയും ചെയ്തു. ഈ അമ്പലത്തില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട്.

ഇവിടത്തെ ദേശവിളക്കിന് നമ്മള്‍ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോള്‍ അവര്‍ വഴിയരിയില്‍ തിരി തെളിക്കുന്നതും എല്ലാം വര്‍ഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും ഈ നാട്ടിലെ ഏകതയും.

അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പ്രോഗ്രാം നടന്നപ്പോള്‍ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു. അപ്പോള്‍ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല. അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കുന്നില്ല.

ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാര്‍ദ്ദപരമായി ജീവിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാര്‍ദത്തെ എല്ലാവരുംകൂടി തകര്‍ക്കരുത് എന്ന് മാത്രമേ ഈ അവസരത്തില്‍ പറയാനുള്ളൂ.

എന്ന്,

കണ്‍വീനര്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.