അർമേനിയൻ വംശഹത്യയുടെ വാർഷികത്തിനിടെ ക്രൂരത; ചരിത്ര പ്രസിദ്ധമായ കത്തീഡ്രൽ തകർത്ത് അസർബൈജാൻ

അർമേനിയൻ വംശഹത്യയുടെ വാർഷികത്തിനിടെ ക്രൂരത; ചരിത്ര പ്രസിദ്ധമായ കത്തീഡ്രൽ തകർത്ത് അസർബൈജാൻ

സ്റ്റെപ്പാനോകോട്ട്: നാഗോർണോ-കരാബാക്ക് പ്രദേശം പിടിച്ചെടുത്തതിന് പിന്നാലെ അർമേനിയൻ ക്രിസ്തീയ പൈതൃകങ്ങളെ ലക്ഷ്യമിട്ടുള്ള അസർബൈജാന്റെ കടന്നാക്രമണം തുടരുന്നു. അർമേനിയൻ വംശഹത്യയുടെ 111-ാം വാർഷികം ആചരിക്കുന്ന വേളയിലാണ് ആർട്സാഖിലെ തലസ്ഥാനമായ സ്റ്റെപ്പാനോകോട്ടിലെ അതിപുരാതനമായ 'ഹോളി മദർ ഓഫ് ഗോഡ്' കത്തീഡ്രൽ അസർബൈജാൻ അധികൃതർ തകർത്തത്.

അർമേനിയൻ സംസ്കാരത്തെയും മതപരമായ അടയാളങ്ങളെയും പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിത നീക്കമാണ് ഇതെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും വിദഗ്ധരും ഉദ്യോഗസ്ഥരും ആരോപിക്കുന്നു. അർമേനിയൻ ക്രൈസ്തവരുടെ പ്രധാന ആരാധനാലയങ്ങളിൽ ഒന്നായിരുന്നു ഇത്.

2006 ൽ തറക്കല്ലിടുകയും 2019 ൽ വെഞ്ചരിക്കുകയും ചെയ്ത ഈ കത്തീഡ്രൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ അർമേനിയക്കാരുടെ പ്രധാന മതപരമായ അടയാളമായി മാറിയിരുന്നു. 2006 ജൂലൈ 19 ന് അർമേനിയക്കാരുടെ കത്തോലിക്കോസ് കരീക്കിൻ രണ്ടാമനാണ് ഇതിന്റെ അടിത്തറ പാകിയത്. ഗാഗിക് യെറാനോസ്യൻ രൂപകൽപ്പന ചെയ്ത ഈ പള്ളി അർമേനിയൻ ജനതയുടെ സത്വത്തിന്റെ ഭാഗമായിരുന്നു.

അർമേനിയൻ ചരിത്രത്തിന്റെയും സാന്നിധ്യത്തിന്റെയും ദൃശ്യമായ അടയാളങ്ങൾ മായ്ച്ചുകളയാനുള്ള അസർബൈജാന്റെ നയമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ആർട്സാഖിലെ സാംസ്കാരിക പൈതൃക ഓംബുഡ്സ്മാൻ ഹോവിക് അവെനോസോവ് പറഞ്ഞു. വംശഹത്യയുടെ വാർഷിക വേളയിൽ തന്നെ ഇത്തരമൊരു നശീകരണ പ്രവർത്തനം നടന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യം ശക്തമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.