കൃത്രിമ കാല്‍ വയ്ക്കാനൊരുങ്ങി മുജ്താബ ഖൊമേനി; മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് റിപ്പോര്‍ട്ട്; ഭരണം കൈക്കലാക്കി ഐആര്‍ജിസി

കൃത്രിമ കാല്‍ വയ്ക്കാനൊരുങ്ങി മുജ്താബ ഖൊമേനി; മുഖത്ത്  പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് റിപ്പോര്‍ട്ട്; ഭരണം കൈക്കലാക്കി ഐആര്‍ജിസി

ടെഹ്റാന്‍: അമേരിക്ക-ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ പിന്‍ഗാമിയായി ചുമതലയേറ്റ മുജ്താബ ഖൊമേനിയുടെ പരിക്ക് ഇനിയും ഭേദമായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. പിതാവ് ആയത്തുള്ള അലി ഖൊമേനി കൊല്ലപ്പെട്ട ഫെബ്രുവരി 28 ലെ ആക്രമണത്തിലാണ് മുജ്താബയ്ക്കും ഗുരുതരമായി പരിക്കേറ്റത്.

പിന്നീട് ഇസ്ലാമിക പണ്ഡിതസഭ ചേര്‍ന്ന് മുജ്താബയെ പരമോന്നത നേതാവായി തിരഞ്ഞെടുത്തെങ്കിലും ആശുപത്രിയില്‍ കഴിയുന്ന അദേഹത്തിന്റെ അഭാവത്തില്‍ രാജ്യത്തിന്റെ സേനാ വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സാണ് (ഐആര്‍ജിസി) നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു കോര്‍പ്പറേറ്റ് ഡയറക്ടര്‍ ബോര്‍ഡിന് സമാനമായാണ് മുജ്തബ ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നും എന്നാല്‍ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് സൈനിക ജനറല്‍മാരാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആക്രമണത്തില്‍ പിതാവിനൊപ്പം മുജ്താബയുടെ ഭാര്യയും മകനും കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ മുജ്താബ ഇപ്പോള്‍ പൊതുവേദിയില്‍ നിന്ന് പൂര്‍ണമായും വിട്ടു നില്‍ക്കുകയാണ്. അദേഹത്തിന്റെ ഒരു കാല്‍ മൂന്ന് തവണ ശസ്ത്രക്രിയ നടത്തിയെന്നും കൃത്രിമ കാല്‍ വയ്ക്കാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു കൈയ്ക്കും ശസ്ത്രക്രിയ നടത്തി.

മുഖത്തും ചുണ്ടിലും ഏറ്റ പൊള്ളല്‍ മൂലം സംസാരിക്കാന്‍ പ്രയാസമുള്ളതിനാലാണ് അദേഹം ശബ്ദ സന്ദേശങ്ങള്‍ക്ക് പകരം രേഖാമൂലമുള്ള പ്രസ്താവനകള്‍ മാത്രം പുറത്തിറക്കുന്നത്. ഇസ്രയേല്‍ നിരീക്ഷണം ഭയന്ന് മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും അദേഹത്തെ സന്ദര്‍ശിക്കാന്‍ അനുവാദമില്ല.

ഹൃദയ ശസ്ത്രക്രിയ വിദഗ്ദന്‍ കൂടിയായ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്റെയും ആരോഗ്യ മന്ത്രിയുടെയും മേല്‍നോട്ടത്തിലാണ് മുജ്താബയുടെ ചികിത്സ നടക്കുന്നത്. മുജ്താബയ്ക്ക് മുഖത്ത് ഉള്‍പ്പെടെ പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വന്നേക്കുമെന്നാണ് വിവരങ്ങള്‍.

രാജ്യത്തിന്റെ ഭരണ നിയന്ത്രണം ഐആര്‍ജിസി ഏറ്റെടുത്തതോടെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ അധികാരം വെട്ടിക്കുറയ്ക്കുകയും പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫിന് വിദേശ കാര്യങ്ങളില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുകയും ചെയ്തു.

ഇസ്രയേലുമായുള്ള സൈനിക നീക്കങ്ങള്‍, സമുദ്ര പാതകള്‍ അടയ്ക്കല്‍, അമേരിക്കയുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എന്നിവയിലെല്ലാം ഐആര്‍ജിസിക്കാണ് പൂര്‍ണ നിയന്ത്രണം. പ്രസിഡന്റ് പെസെഷ്‌കിയനും മറ്റ് നേതാക്കളും ആഭ്യന്തര കാര്യങ്ങളിലും അവശ്യ സാധനങ്ങളുടെ വിതരണത്തിലും മാത്രം ഒതുങ്ങുമ്പോള്‍ യുദ്ധം, നയതന്ത്രം, ദേശീയ സുരക്ഷ തുടങ്ങിയ സുപ്രധാന കാര്യങ്ങളില്‍ ഐആര്‍ജിസിയാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.