കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയനായ വകുപ്പ് മേധാവി ഡോ. എം.കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
വകുപ്പ് മേധാവി ഡോ. എം.കെ റാം ജാതിയുടെയും നിറത്തിന്റെയും പേരില്‍ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ മരണത്തിന് മുന്‍പ് തങ്ങളെ അറിയിച്ചിരുന്നതായി കുടുംബം കോടതിയില്‍ ബോധിപ്പിച്ചു. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു.
സംഭവ ദിവസം ഉച്ചയ്ക്ക് ഒരു മണി മുതല്‍ 1.10 വരെ നിതിന്‍ പ്രിന്‍സിപ്പലിന്റെ ക്യാബിനില്‍ ഉണ്ടായിരുന്നുവെന്നും ആ സമയം ഡോ. റാം അവിടെ ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. ലോണ്‍ ആപ്പ് ഭീഷണി മൂലമാണ് ആത്മഹത്യ സംഭവിച്ചതെന്നും ജാതി അധിക്ഷേപം ഉണ്ടായിരുന്നില്ലെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
'ആ ഇഡിയറ്റ് സിമ്പതിക്കു വേണ്ടി ചാടി' എന്ന് ഡോ. റാം പറയുന്നത് കേട്ടുവെന്ന് നിതിന്റെ സഹപാഠി മൊഴി നല്‍കിയിരുന്നു. റാമുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ നിതിന്‍ പ്രിന്‍സിപ്പലിന് മുന്‍പില്‍ തുറന്നു പറഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
ഡോ. റാം ഒ.ബി.സി വിഭാഗത്തില്‍ പെടുന്ന ആളാണ്. അതിനാല്‍ എസ്.സി/ എസ്.ടി. ആക്ട് ബാധകമല്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍, ജാതീയ അധിക്ഷേപം ചെയ്ത ആള്‍ ഏത് ജാതിയില്‍ പെടുന്നു എന്നതിനേക്കാള്‍ ഇരയുടെ എസ്.സി/എസ്.ടി പദവിയാണ് നിര്‍ണായകം എന്നാണ് പ്രൊസിക്യൂഷന്റെ വാദം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.