ജെറുസലേം: വെസ്റ്റ് ബാങ്കിലെ തയാസിർ ഹമാം ഇൽ മലെഹിൽ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഇസ്രയേലി കുടിയേറ്റക്കാർ കൈയേറിയ സംഭവത്തിൽ ഇസ്രയേൽ സൈനിക, സിവിൽ നേതൃത്വങ്ങളുമായി ജെറുസലേം ലത്തീൻ പാത്രിയാർക്കേറ്റ് ചർച്ച നടത്തി. സഭയുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടതിൽ പ്രതിഷേധം അറിയിച്ച പാത്രിയാർക്കേറ്റ്, കൈയേറ്റം ചെയ്യപ്പെട്ട ഭൂമി വീണ്ടെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ടു. ഏപ്രിൽ 23 ന് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് സഭാനേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചത്.
തൂബാസ് ഗവർണറേറ്റിന് കീഴിലുള്ള തയാസിറിലെ സഭാ ഭൂമിയിൽ അതിക്രമിച്ചു കയറിയ കുടിയേറ്റക്കാർ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് നാശനഷ്ടങ്ങൾ വരുത്തിയതായി പാത്രിയാർക്കേറ്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വർഷങ്ങളായി സഭയുടെ സ്വത്തുക്കൾ കൈയേറുന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
സഭ ഹാജരാക്കിയ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് ഇസ്രായേൽ സൈനിക, സിവിൽ പ്രതിനിധികൾ ഉറപ്പുനൽകിയതായി പാത്രിയാർക്കേറ്റ് അറിയിച്ചു.
കൈയേറ്റം നടത്തിയവരെ ഉടനടി നീക്കം ചെയ്യാനും അവർക്കെതിരെ നടപടി സ്വീകരിക്കാനും അധികൃതർ സന്നദ്ധത അറിയിച്ചു. ഭൂമി പുനസ്ഥാപിക്കുന്നതിനും ഭാവിയിൽ ഇത്തരം അതിക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ ശക്തമായ സംരക്ഷണം ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പ്രശ്നപരിഹാരത്തോടൊപ്പം സ്ഥലത്തെ താമസക്കാർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാനും പാത്രിയാർക്കേറ്റ് ഇടപെടലുകൾ നടത്തി വരികയാണ്. സഭയുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകാനാണ് പാത്രിയാർക്കേറ്റിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.