കീവ്: ഉക്രെയ്‌നിലെ ചെര്‍ണോബില്‍ ലോകം നടുങ്ങിയ ആണവോര്‍ജ ദുരന്തം നടന്നിട്ട് ഞായറാഴ്ച നാല് പതിറ്റാണ്ട് തികയും. 1986 ഏപ്രില്‍ 26 നാണ് ഉക്രെയ്‌നിലെ ചെര്‍ണോബില്‍ ആണവോര്‍ജ പ്ലാന്റില്‍ ശക്തമായ പൊട്ടിത്തെറിയുണ്ടായത്.
ഉക്രെയ്ന്‍ അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. പ്രിപ്യാറ്റ് നഗരത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന ആണവ റിയാക്ടറിന്റെ നാലാമത്തെ യൂണിറ്റില്‍ പുലര്‍ച്ചെ ഒരു മണിക്ക് ശേഷമായിരുന്നു സ്‌ഫോടനമുണ്ടായത്.
പരീക്ഷണങ്ങള്‍ നടക്കുന്നതിനിടെ വൈദ്യുതി നിയന്ത്രണ സംവിധാനം ഓഫാക്കിയതും അടിയന്തര സുരക്ഷാ നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലെ പിഴവുമാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്.
റിയാക്ടറില്‍ അവശേഷിച്ച പവറാണ് സ്‌ഫോടന കാരണമായത്. റിയാക്ടറിലെ ഭീമന്‍ മെറ്റീരിയല്‍ ലിഡ് ആണ് ആദ്യം കത്തിയത്. പിന്നാലെ ഗ്രാഫൈറ്റ് റിയാക്ടറിലേക്ക് തീപടരുകയും ആണവ വികിരണമുണ്ടാവുകയും ചെയ്തു.
അപകടത്തിന് പിന്നാലെ നീരാവി വിസ്‌ഫോടനവും തീപിടിത്തവും മൂലം രണ്ട് ജീവനക്കാര്‍ തല്‍ക്ഷണം മരിച്ചു. 28 ഓളം പേര്‍ക്ക് അക്യൂട്ട് റേഡിയേഷന്‍ സിന്‍ഡ്രോം ബാധിക്കുകയും ആഴ്ചകള്‍ക്കുള്ളില്‍ ജീവന്‍ നഷ്ടമാവുകയും ചെയ്തു.
വൈകാതെ ആണവ വികിരണങ്ങള്‍ പ്രിപ്യാറ്റ് ഉള്‍പ്പെടെ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. പതിനായിരങ്ങളെ മേഖലയില്‍ നിന്ന് ഒഴിപ്പിച്ചു. റിയാക്ടറിന്റെ ഉരുക്കു കവചങ്ങള്‍ തകര്‍ന്നതോടെ ടണ്‍ കണക്കിന് റേഡിയോ ആക്ടിവ് പദാര്‍ത്ഥങ്ങള്‍ പുറത്തേക്ക് വന്നു.
ഇത് ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷിക്കപ്പെട്ടപ്പോള്‍ ഉണ്ടായതിനേക്കാള്‍ ഏകദേശം 400 മടങ്ങാണ്. കുറഞ്ഞത് 4,000 പേരെങ്കിലും ദുരന്തത്തിന് ശേഷം വികിരണം മൂലമുണ്ടായ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ബാധിച്ച് മരിച്ചെന്നാണ് കണക്കുകള്‍. എന്നാല്‍ 60,000 പേര്‍ വരെ ദുരന്തത്തിന്റെ ഫലമായി മരിച്ചിട്ടുണ്ടാകാമെന്നും വാദമുണ്ട്.
ഉക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്ന് 80 മൈല്‍ അകലെ വടക്ക് ബെലാറസ് അതിര്‍ത്തിയോട് ചേര്‍ന്ന ചെര്‍ണോബില്‍ പവര്‍ പ്ലാന്റിന്റെ 30 കിലോമീറ്റര്‍ ചുറ്റളവില്‍ ഇപ്പോഴും ജനവാസമില്ല. റേഡിയേഷന്‍ തടയുന്നതിനായി പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെ ആണവ നിലയം അടച്ചിട്ടിരിക്കുകയാണ്. ആണവ മാലിന്യങ്ങളും മറ്റ് അപകടകരമായ വസ്തുക്കളും നിലയത്തില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.