കാസര്‍കോട്: കാസര്‍കോട് എളേരിത്തട്ടില്‍ കളിച്ചുകൊണ്ടിരുന്ന നാലര വയസുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. പരിയാരം മെഡിക്കല്‍ കോളജ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
കുറ്റ്യാടി മുണ്ടക്കുറ്റി സ്വദേശി രമേശിന്റെ വീട്ടില്‍ നിന്ന് അഞ്ച് ഉഗ്രവിഷമുള്ള ശംഖുവരയന്‍ പാമ്പുകളെ ഇന്ന് പിടികൂടിയിരുന്നു. കുട്ടി ഉറങ്ങിക്കിടന്ന ബെഡിന് സമീപമാണ് ആദ്യം പാമ്പിനെ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശുചിമുറിയിലും അടുക്കളയിലുമായി കൂടുതല്‍ പാമ്പുകളെ കണ്ടെത്തുകയായിരുന്നു.
പേരാമ്പ്രയില്‍ അഞ്ജലിക്കും പുനൂരില്‍ അന്‍സാറിനും കിടപ്പുമുറിയില്‍ വെച്ച് ശംഖുവരയന്റെ കടിയേറ്റിരുന്നു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇരിങ്ങാലക്കുട കാറളത്ത് പുല്ല് പറിക്കുന്നതിനിടെ പ്രസീത എന്ന യുവതിക്കും, കിണര്‍ ജോലിക്കിടെ സനീഷ് എന്ന യുവാവിനും പാമ്പ് കടിയേറ്റിരുന്നു. എടപ്പാള്‍ സ്വദേശിനി ഷഹല തസ്‌നിയെ എന്ന 21 കാരിയേയും പാമ്പ് കടിച്ചു. അബോധാവസ്ഥയിലായ ഷഹല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചിറയന്‍കീഴ് സ്വദേശി ഭുവനചന്ദ്രനും പാമ്പ് കടിയേറ്റു.
പത്തനംതിട്ട കോന്നിയില്‍ ഒരു വീട്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാമ്പിനെ കണ്ടെത്തി. കണ്ണൂര്‍ താഴെ ചൊവ്വയില്‍ പഴക്കടയില്‍ നിന്നും കോഴിക്കോട് കാരശേരിയില്‍ വീട്ടുമുറ്റത്ത് നിന്നും മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. ചൂട് വര്‍ധിക്കുമ്പോള്‍ തണുപ്പ് തേടി പാമ്പുകള്‍ വീടിനുള്ളിലേക്ക് കയറാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരും വനം വകുപ്പും നിര്‍ദേശിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.