സ്റ്റോക്‌ഹോം: സൈനികാവശ്യങ്ങള്‍ക്കായി 2025 ല്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം അമേരിക്കയ്ക്ക്. ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ചൈന, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളാണ് യഥാക്രമം രണ്ട്, മൂന്ന് നാല് സ്ഥാനത്തുള്ളത്.
സ്റ്റോക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിപ്രി) ആണ് തിങ്കളാഴ്ച റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
2025 ല്‍ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 8.9 ശതമാനം വര്‍ധിച്ചു. 9210 കോടി ഡോളറാണ് (8.67 ലക്ഷം കോടി രൂപ) ഇന്ത്യയുടെ പ്രതിരോധ ബജറ്റ്.
2025 ല്‍ ലോക രാജ്യങ്ങളുടെ ആകെ പ്രതിരോധ ബജറ്റ് 2.887 ലക്ഷം കോടി ഡോളറില്‍ (271.75 ലക്ഷം കോടി രൂപ) എത്തി. തുടര്‍ച്ചയായ 11-ാം വര്‍ഷമാണ് ആഗോള സൈനികച്ചെലവില്‍ വര്‍ധനയുണ്ടാകുന്നത്. ഈ തുകയുടെ 58 ശതമാനവും ആദ്യ നാല് സ്ഥാനങ്ങളിലുള്ള അമേരിക്ക, ചൈന, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളുടേതാണ്.
കഴിഞ്ഞ വര്‍ഷം മെയിലുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം മേഖലയിലെ സൈനിക ചിലവ് വര്‍ധിപ്പിക്കാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്റെ സൈനിക ചിലവ് 11 ശതമാനം വര്‍ധിച്ച് 1190 കോടി ഡോളറായി (1.19 ലക്ഷം കോടി രൂപ). ചൈനയില്‍ നിന്നുള്ള പുതിയ ആയുധ കരാറുകളും പാകിസ്ഥാന്റെ ചെലവ് കൂടാനിടയാക്കി.
ആഗോള തലത്തില്‍ നോക്കിയാല്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 2.5 ശതമാനമാണ് രാജ്യങ്ങള്‍ സൈനികാവശ്യങ്ങള്‍ക്കായി ചെലവിട്ടത്. 2024 ല്‍ ഇത് 2.4 ശതമാനമായിരുന്നു. യൂറോപ്പിന്റെ സൈനിക ചിലവില്‍ 14 ശതമാനമാണ് വര്‍ധന. ശീത യുദ്ധത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
അതേസമയം, അമേരിക്കയുടെ ബജറ്റ് തുക 7.5 ശതമാനം കുറഞ്ഞു. തൊട്ടു മുന്‍പത്തെ മൂന്ന് വര്‍ഷങ്ങളില്‍ ഉക്രെയ്‌ന് നല്‍കിയിരുന്ന സൈനിക സഹായം നിര്‍ത്തലാക്കിയതാണ് ഇതിന് കാരണമെന്നാണ് സിപ്രിയുടെ വിലയിരുത്തല്‍. ചൈനയുടേത് 7.4 ശതമാനം വര്‍ധിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.