വാഷിങ്ടൺ: യുഎസ് പാസ്‌പോർട്ടിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിത്രം ഉൾപ്പെടുത്താൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് തീരുമാനിച്ചു. അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന ലിമിറ്റഡ് എഡിഷൻ പാസ്‌പോർട്ടുകളിലാണ് ട്രംപിന്റെ ചിത്രം സ്ഥാനം പിടിക്കുക.
ഭരണകൂടത്തിന്റെ അടയാളങ്ങളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ ഈ നീക്കം. പ്രസിഡന്റിന്റെ ഔദ്യോഗിക ചിത്രത്തിന് പുറമെ അദേഹത്തിന്റെ സ്വർണ നിറത്തിലുള്ള ഒപ്പും പാസ്‌പോർട്ടിൽ ഉൾപ്പെടുത്തും. ഇതിനൊപ്പം അമേരിക്കയിലെ മറ്റ് പ്രമുഖ നേതാക്കളുടെ പെയിന്റിങുകളും പുതിയ പതിപ്പിലുണ്ടാകുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
നിലവിൽ വാഷിങ്ടണിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് മാത്രമായിരിക്കും ഈ പ്രത്യേക പതിപ്പ് ലഭ്യമാകുക. ഇതിനായി അധിക തുക ഈടാക്കില്ല. സ്റ്റാച്യു ഓഫ് ലിബർട്ടിയും ചന്ദ്രനിൽ ഇറങ്ങിയ ദൃശ്യങ്ങളും പോലുള്ള ചരിത്രപരമായ അടയാളങ്ങൾ ഉൾക്കൊള്ളുന്നതാണ് നിലവിലെ യുഎസ് പാസ്‌പോർട്ട്. ഇതിൽ നിന്നുള്ള വലിയൊരു മാറ്റമാണ് ട്രംപ് നടപ്പിലാക്കുന്നത്.
ജനാധിപത്യ രാജ്യങ്ങളിൽ അധികാരത്തിലിരിക്കുന്ന നേതാക്കളുടെ ചിത്രം പാസ്‌പോർട്ട് പോലുള്ള ഔദ്യോഗിക രേഖകളിൽ വരുന്നത് ലോകത്ത് തന്നെ അപൂർവ്വമാണ്. മിക്ക രാജ്യങ്ങളും ചരിത്രസ്മാരകങ്ങളോ പ്രകൃതി ദൃശ്യങ്ങളോ ആണ് പാസ്‌പോർട്ടുകളിൽ ഉപയോഗിക്കാറുള്ളത്.
എന്നാൽ രണ്ടാമതും അധികാരമേറ്റത് മുതൽ സർക്കാർ കെട്ടിടങ്ങളിൽ സ്വന്തം ബാനറുകൾ ഉയർത്തിയും പ്രമുഖ സ്ഥാപനങ്ങളുടെ പേരിനൊപ്പം സ്വന്തം പേര് ചേർത്തും ട്രംപ് നടത്തുന്ന നീക്കങ്ങളുടെ തുടർച്ചയായാണ് ഈ തീരുമാനത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
അപേക്ഷകർക്ക് ഈ പ്രത്യേക പതിപ്പ് നിരസിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.