ന്യൂഡല്‍ഹി: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് നാഴികക്കല്ലാകുന്ന 'ദൃഷ്ടി' എന്ന ഉപഗ്രഹം ഇന്ന് ബഹിരാകാശത്തേക്ക് കുതിച്ചു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.29 ന് കാലിഫോര്‍ണിയയില്‍ നിന്നാണ് വിക്ഷേപണം നടന്നത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരുന്നു ദൃഷ്ടിയുടെ വിക്ഷേപണം.
ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ സ്റ്റാര്‍ട്ടപ്പായ ഗാലക്‌സി ഐ ആണ് ഈ ഭൗമ നിരീക്ഷണ ഉപഗ്രഹം വികസിപ്പിച്ചത്. ഇതിന് ഇരുട്ടിലും മേഘങ്ങള്‍ക്ക് ഇടയിലും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.
ഒരേ ഉപഗ്രഹത്തില്‍ ഒരു മള്‍ട്ടിസ്‌പെക്ട്രല്‍ ക്യാമറയും സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ (എസ്.എ.ആര്‍) ഇമേജറും ഉള്‍ക്കൊള്ളുന്നു എന്നതാണ് ഈ ഉപഗ്രഹത്തിന്റെ പ്രത്യേകതയെന്ന് ഗാലക്‌സി ഐയുടെ സിഇഒയും സ്ഥാപകനുമായ സുയാഷ് സിങ് പറഞ്ഞു. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണിത്.
ഇത്തരത്തിലുള്ള ഒരു ഉപഗ്രഹം നേരത്തെ പ്രവര്‍ത്തനക്ഷമമായിരുന്നെങ്കില്‍ ഓപ്പറേഷന്‍ സിന്ദൂറിലെ ബോംബാക്രമണങ്ങളുടെ നാശനഷ്ട വിലയിരുത്തലുകളെക്കുറിച്ചുള്ള ഗുണമേന്മയുള്ള ചിത്രങ്ങള്‍ അമേരിക്കന്‍ വാണിജ്യ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നതിന് പകരം ഇന്ത്യയ്ക്ക് നേരിട്ട് ലഭ്യമാകുമായിരുന്നു.
ഭാരതത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും ആണ് ദൃഷ്ടിക്കായുള്ള ആശയത്തിന് പിന്നില്‍. പാശ്ചാത്യ രാജ്യങ്ങളിലെ മിതശീതോഷ്ണ മേഖലകളില്‍ നിന്ന് വ്യത്യസ്തമായി, ഭാരതത്തിന്റെ ഭൂരിഭാഗവും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. മേഘാവരണം പതിവായും ശക്തമായും കാണപ്പെടുന്നു. ഇത് പലപ്പോഴും പരമ്പരാഗത ഒപ്റ്റിക്കല്‍ ഉപഗ്രഹങ്ങളെ ഫലപ്രദമല്ലാതാക്കുന്നു.
ഏത് സമയത്തും ഉപഭൂഖണ്ഡത്തിന് മുകളില്‍ 70 ശതമാനം എപ്പോഴും മേഘങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നു. കടലുകളില്‍ ഇത് 90 ശതമാനമാണ്. അതിനാല്‍ പത്ത് ചിത്രങ്ങളില്‍ പ്രത്യേകിച്ച്, ഉഷ്ണമേഖലാ ഭാഗങ്ങളില്‍ ഏഴെണ്ണം മേഘാവൃതമായിരിക്കുമെന്നും സുയാഷ് സിങ് പരഞ്ഞു.
ഉപഗ്രഹ ഡേറ്റയുടെ ഉപയോക്താക്കള്‍ക്ക് മേഘങ്ങള്‍ ഒരു അസൗകര്യം മാത്രമല്ല, അന്ധതയാണ്. ദുരന്ത നിവാരണം, കൃഷി, അടിസ്ഥാന സൗകര്യ നിരീക്ഷണം, സുരക്ഷാ നിരീക്ഷണം എന്നിവയ്ക്കായി ആപ്ലിക്കേഷന്‍ ലെയര്‍ ഉപയോക്താക്കള്‍ക്ക് വിശ്വസനീയമായ ചിത്രങ്ങള്‍ ആവശ്യമാണ്.
പാരമ്പര്യമായി വേര്‍തിരിച്ച രണ്ട് സെന്‍സിങ് സാങ്കേതിക വിദ്യകളെ ഒരൊറ്റ ഉപഗ്രഹത്തില്‍ സംയോജിപ്പിച്ചാണ് ദൃഷ്ടിയുടെ നിര്‍മാണം. ഒപ്റ്റിക്കല്‍ ഇമേജിങ് വ്യക്തതയും നിറവും നല്‍കുന്നു. അതേസമയം സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാറിന് മേഘാവരണമോ ലൈറ്റിങ് സാഹചര്യങ്ങളോ പരിഗണിക്കാതെ ചിത്രം പകര്‍ത്താനാകും.
ഏകദേശം 190 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം. റെസല്യൂഷനിലാണ് ദൃഷ്ടി ലോകത്തിലെ ഏറ്റവും മികച്ചവയുമായി മത്സരിക്കാന്‍ ലക്ഷ്യമിടുന്നത്. സീരീസിലെ ആദ്യത്തെ ഉപഗ്രഹം ഏകദേശം 1.5 മീറ്റര്‍ റെസല്യൂഷനില്‍ ചിത്രങ്ങള്‍ നല്‍കും. ഇത് പല ഇന്ത്യന്‍ എസ്.എ.ആര്‍ പ്ലാറ്റ്ഫോമുകളും ആധിപത്യം പുലര്‍ത്തുന്ന അഞ്ച് മീറ്റര്‍ ക്ലാസിനേക്കാള്‍ വ്യക്തതയുള്ളവയായിരിക്കുമെന്നും ഗാലക്‌സി ഐയുടെ സിഇഒ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.