കൊച്ചി: ആകാംഷയുടെ അവസാന മണിക്കൂറുകളിലാണ് രാഷ്ട്രീയ കേരളം. എക്‌സിറ്റ് പോള്‍ ഫലങ്ങളെയും കടത്തി വെട്ടുന്ന റെക്കോഡ് ഭൂരിപക്ഷം യുഡിഎഫ് അവകാശപ്പെടുമ്പോള്‍ 75 സീറ്റെങ്കിലും നേടി ഭരണ തുടര്‍ച്ചയാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. നിയമസഭയിലെ അഞ്ച് സീറ്റിലെങ്കിലും താമര വിരിയുമെന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ അവകാശ വാദം.
പായസവും പടക്കവും ലഡുവും ഓഡര്‍ ചെയ്ത് കാത്തിരിപ്പിലാണ് മുന്നണി നേതാക്കള്‍. എന്നാല്‍ ആരുടെ മനസില്‍ ലഡു പൊട്ടുമെന്ന് നാളെ അറിയാം. എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും യുഡിഎഫ് വിജയം പ്രവചിക്കുമ്പോഴും കൃത്യമായ കൂട്ടിക്കിഴിക്കലുകളുടെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് 75 സീറ്റെന്ന കണക്കിലെത്തിയത്.
അതിനിടെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ റിപ്പോര്‍ട്ടും എല്‍ഡിഎഫ് ക്യാമ്പിന് പ്രതീക്ഷ നല്‍കുന്നു. 75 സിറ്റ് നേടി എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച എന്നാണ് കനഗോലു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ട്. എന്നാല്‍ യുഡിഎഫ് നേതാക്കള്‍ ഇത് അപ്പാടെ തള്ളുന്നു.
ഇത്തവണ കുറഞ്ഞത് അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന എന്‍ഡിഎ നേതൃത്വം തിരുവനന്തപുരം ജില്ലയില്‍ നേമത്തും കഴക്കൂട്ടത്തും മികച്ച വിജയം നേടാമെന്നാണ് കണക്കുകൂട്ടുന്നത്. പാലക്കാടും മഞ്ചേശ്വരവും പിടിക്കുമെന്നും ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂര്‍ക്കാവ് തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നുമാണ് എന്‍ഡിഎ ക്യാമ്പ് വ്യക്തമാക്കുന്നത്.
മുന്നണികളുടെ അവകാശ വാദങ്ങള്‍ എന്തൊക്കെ ആയാലും സാമുദായിക വോട്ടുകള്‍ നിര്‍ണായകമായ തിരഞ്ഞെടുപ്പാണിത്. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് സാമുദായിക സമവാക്യങ്ങളില്‍ കാര്യമായ മാറ്റവും സംഭവിച്ചിട്ടുണ്ട്. എല്‍ഡിഎഫിന്റെ വിജയ പ്രതീക്ഷകള്‍ക്ക് വിലങ്ങു തടിയാണ് ആ മാറ്റം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നിന്ന ഏതാണ്ട് 60 ശതമാനം മുസ്ലീം വോട്ടുകളും 50 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളും ഇത്തവണ യുഡിഎഫിലെത്താനാണ് സാധ്യത. എന്നാല്‍ ഈഴവ, പിന്നാക്ക വിഭാഗങ്ങളിലെ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ല എന്നത് എല്‍ഡിഎഫിന് ആശ്വാസമാണ്.
ക്രിസ്ത്യന്‍ ഔട്ട്‌റീച്ച് പരീക്ഷണങ്ങളില്‍ ക്ലച്ച് പിടിക്കാത്ത എന്‍ഡിഎ ട്വന്റി-20യുമായി സഖ്യമുണ്ടാക്കി നഗര മേഖലകളില്‍ കടന്നു കയറുവാനുള്ള തന്ത്രമാണ് പയറ്റിയത്. പക്ഷേ, സെലിബ്രിറ്റികളെ അടക്കം ഇറക്കിയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംഭവിച്ച വീഴ്ച്ച പല മണ്ഡലങ്ങളിലും അവര്‍ക്ക് തിരിച്ചടിയാകും.
ഭരണവിരുദ്ധ വികാരമില്ലെന്ന് എല്‍ഡിഎഫ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, അടക്കം പറച്ചിലുകളില്‍ പല മുതിര്‍ന്ന നേതാക്കളും അക്കാര്യം സമ്മതിക്കുന്നുണ്ട്. അതുതന്നെയാണ് യുഡിഎഫിന്റെ പ്രധാന വിജയ പ്രതീക്ഷകളിലൊന്ന്. മാത്രമല്ല, താരതമ്യേന ആകര്‍ഷകമായ തിരഞ്ഞെടുപ്പ് പ്രകടന പത്രികയും യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നു.
യുഡിഎഫിന്റെ 'ഇന്ദിരാ ഗ്യാരന്റി' പദ്ധതികള്‍ വേട്ടര്‍മാരെ സ്വാധീനിക്കാന്‍ ഇടയുണ്ട്. പ്രത്യേകിച്ച് 3,000 രൂപ ക്ഷേമ പെന്‍ഷന്‍, വിദ്യാര്‍ഥിനികള്‍ക്ക് 1,000 രൂപ സ്‌റ്റൈപ്പന്റ് സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്ര, ഉമ്മന്‍ചാണ്ടി ഇന്‍ഷുറന്‍സ് പദ്ധതി തുടങ്ങിയവ എല്‍ഡിഎഫിന്റെയും എന്‍ഡിഎയുടെയും പ്രകടന പത്രികകളെക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. എന്തായാലും ജനങ്ങള്‍ മനസില്‍ കരുതി വച്ചത് എന്താണന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.