തിരുവനന്തപുരം: യുഡിഎഫ് ഭരണത്തിലെത്തിയ ശേഷം കോണ്‍ഗ്രസ് മീഡിയ പാനലിനുള്ളില്‍ ശക്തമായ ഭിന്നതകള്‍ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു.
പാനല്‍ അംഗങ്ങളായ ജിന്റോ ജോണിനെയും വി.ആര്‍ അനൂപിനെയും പാനലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജു പി. നായര്‍ കെപിസിസിക്ക് പരാതി നല്‍കി. ഇരുവരും ചാനല്‍ ചര്‍ച്ചകളിലൂടെ സിപിഎം അജണ്ടയാണ് നടപ്പാക്കുന്നതെന്നാണ് പരാതിയിലെ പ്രധാന ആരോപണം. വി.ആര്‍ അനൂപിനെതിരെ മറ്റൊരു പാനലിസ്റ്റായ ബി.ആര്‍.എം ഷെഫീറും രംഗത്തെത്തിയിരുന്നു.
സര്‍ക്കാര്‍ വിവിധ വിഷയങ്ങളില്‍ പ്രതിരോധത്തിലാകുന്ന ഘട്ടങ്ങളില്‍, പ്രതിപക്ഷത്തെ സഹായിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് വി.ആര്‍. അനൂപും ജിന്റോ ജോണും സ്വീകരിക്കുന്നതെന്ന് രാജു പി. നായര്‍ ആരോപിക്കുന്നു. ചാനല്‍ ചര്‍ച്ചകളില്‍ ഇവര്‍ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍ കാരണം മറ്റ് കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇവര്‍ ഇരുവരും സിപിഎം അജണ്ടയാണോ നടപ്പാക്കുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും രാജു പി. നായര്‍ തന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കെ.എസ്.യു.വിനെതിരെയുള്ള വി.ആര്‍. അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍ ചേരിതിരിഞ്ഞുള്ള തര്‍ക്കം രൂക്ഷമായത്.
ഇത് പിന്നീട് കെ.സി വേണുഗോപാല്‍ പക്ഷവും വി.ഡി സതീശനെ അനുകൂലിക്കുന്നവരും തമ്മിലുള്ള പരസ്യമായ പോരായി മാറുകയായിരുന്നു. കെപിസിസി അധ്യക്ഷനും മീഡിയ സെല്ലിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്കുമാണ് രാജു പി. നായര്‍ പരാതി കൈമാറിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.