ചെന്നൈ: സിനിമയ്ക്കും സിനിമാ താരങ്ങള്‍ക്കും ഏറെ സ്വാധീനമുള്ള തമിഴക രാഷ്ട്രീയത്തില്‍ ഒരു വര്‍ഷം മാത്രം പ്രായമുള്ള തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയിലൂടെ വിജയ് എന്ന ജോസഫ് വിജയ് പുതു ചരിത്രം കുറിയ്ക്കാനൊരുങ്ങുന്നു.
തമിഴ് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധം കേവലം താരപ്രഭയില്‍ അധിഷ്ഠിതമല്ല, മറിച്ച് അത് ദ്രാവിഡ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ നട്ടെല്ലായിരുന്നു. സി.എന്‍. അണ്ണാദുരൈയും എം. കരുണാനിധിയും സിനിമാ സംഭാഷണങ്ങളിലൂടെയും തിരക്കഥകളിലൂടെയുമാണ് ദ്രാവിഡ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിച്ചത്. പിന്നീട് ഈ ആശയങ്ങളുടെ ബിംബമായി എം.ജി. രാമചന്ദ്രന്‍ എന്ന എംജിആര്‍ പരിണമിച്ചു.
സിനിമയിലെ രക്ഷകന്‍ യഥാര്‍ത്ഥ ജീവിതത്തിലും രക്ഷകനായി മാറുമെന്ന വിശ്വാസം തമിഴ് വോട്ടര്‍മാരുടെ ഉപബോധമനസില്‍ ഇക്കാലത്താണ് വേരുറപ്പിച്ചത്. ജയലളിതയിലൂടെയും വിജയകാന്തിലൂടെയും ഈ പാരമ്പര്യം തുടര്‍ന്നെങ്കിലും, അവരെല്ലാവരും ഒന്നെങ്കില്‍ നിലവിലുള്ള വലിയ പ്രസ്ഥാനങ്ങളുടെ ഭാഗമായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്, അല്ലെങ്കില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നാണ് സംസാരിച്ചത്. ഇവിടെയാണ് വിജയ് തന്റെ രാഷ്ട്രീയ പരീക്ഷണത്തിലൂടെ വഴിമാറി നടക്കുന്നത്.
വിജയിയുടെ രാഷ്ട്രീയ പ്രവേശനം കൃത്യമായ ഒരു പ്ലാനിങിന്റെ ഫലമാണ്. തമിഴ്നാട് രാഷ്ട്രീയത്തെ പതിറ്റാണ്ടുകളായി ഭരിക്കുന്ന ഡിഎംകെ, എഐഎഡിഎം.കെ എന്നീ രണ്ട് വന്‍ശക്തികള്‍ക്ക് പിന്നാലെ പോകാന്‍ അദേഹം തയ്യാറായില്ല. പകരം, ദ്രാവിഡ രാഷ്ട്രീയത്തിന് തമിഴ് മണ്ണില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വീര്യം വീണ്ടെടുക്കാനെന്നോണം 'തമിഴക വെട്രി കഴകം' എന്ന സ്വതന്ത്ര പ്ലാറ്റ്ഫോം രൂപീകരിച്ചു.
ഇതിലൂടെ ഡിഎംകെ മുന്നോട്ടു വെക്കുന്ന കുടുംബ രാഷ്ട്രീയത്തെയും ബിജെപിയുടെ ദേശീയതയെയും ഒരേപോലെ എതിര്‍ക്കുന്ന ഒരു 'മൂന്നാം പാത' വെട്ടിത്തെളിക്കാനായതാണ് വിജയിയെ വ്യത്യസ്തനാക്കുന്നത്. തന്റെ സിനിമകളില്‍ ഉടനീളം കെട്ടിപ്പടുത്ത 'സാധാരണക്കാരന്റെ പ്രതിനിധി' എന്ന പ്രതിച്ഛായയെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ രാഷ്ട്രീയത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞതും വിജയ്യുടെ നേട്ടമായി വിലയിരുത്താം.
എന്‍ ടി രാമറാവു ആന്ധ്രാപ്രദേശില്‍ തെലുഗു ആത്മാഭിമാനം എന്ന മുദ്രാവാക്യമുയര്‍ത്തി മാസങ്ങള്‍ക്കുള്ളില്‍ ഭരണം പിടിച്ചെടുത്തതിന് സമാനമായ ഒരു തരംഗം സൃഷ്ടിക്കാന്‍ വിജയ് തന്റെ ഫാന്‍സ് അസോസിയേഷനുകളെ രാഷ്ട്രീയ കേഡറുകളായി പരിവര്‍ത്തനം ചെയ്തു.
അസം ഗണ പരിഷത്ത് വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ പ്രാദേശിക വികാരം ആളിപ്പടര്‍ത്തി അധികാരത്തിലെത്തിയതും ആം ആദ്മി പാര്‍ട്ടി ഭരണവിരുദ്ധ വികാരത്തെ പ്രായോഗിക രാഷ്ട്രീയമായി മാറ്റിയതും വിജയിന്റെ തന്ത്രങ്ങളില്‍ നിഴലിക്കുന്നുണ്ട്.
സിനിമയിലെ പാട്ടുകളിലൂടെയും പഞ്ച് ഡയലോഗുകളിലൂടെയും അദേഹം വര്‍ഷങ്ങളായി നടത്തിയ 'രാഷ്ട്രീയ റിഹേഴ്‌സലുകള്‍' ഇപ്പോള്‍ വോട്ടുകളായി മാറുന്നത് തമിഴ്നാട് രാഷ്ട്രീയം ഒരു പുതിയ പരിണാമത്തിലേക്ക് കടക്കുന്നു എന്നതിന്റെ സൂചനയാണ്.
ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്തസത്ത കൈവിടാതെ തന്നെ, അതിലെ ജീര്‍ണതകളെ ഒഴിവാക്കി ഒരു പുതിയ ഭരണക്രമം വാഗ്ദാനം ചെയ്യുന്നതിലാണ് വിജയിയുടെ വിജയം. പഴയ തലമുറയിലെ നേതാക്കള്‍ സിനിമയെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചപ്പോള്‍, വിജയ് രാഷ്ട്രീയത്തെ തന്നെ ഒരു സിനിമയുടെ ക്ലൈമാക്‌സ് പോലെ നാടകീയവും എന്നാല്‍ ജനപ്രിയവുമായ രീതിയില്‍ അവതരിപ്പിക്കുന്നു.
തമിഴ്നാട്ടിലെ യുവാക്കള്‍ക്കിടയില്‍ വിജയിക്കുള്ള സ്വാധീനം ദ്രാവിഡ പാര്‍ട്ടികളുടെ അടിത്തറ ഇളക്കാന്‍ പോന്നതാണ്. സിനിമാ സ്‌ക്രീനിലെ 'ദളപതി' ഭരണ സിംഹാസനത്തിലെത്തിയാല്‍ അത് തമിഴ് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട പ്രണയത്തിന്റെ ഏറ്റവും പുതിയ വിജയഗാഥയായി മാറും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.