കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ മമതാ ബാനര്‍ജി നടത്തിയ പ്രതിപക്ഷ ആഹ്വാനം തള്ളി കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും. ശനിയാഴ്ച ബിജെപി നേതാവ് സുവേന്ദു അധികാരി ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് മമത ബാനര്‍ജി പ്രതിപക്ഷ ഐക്യത്തിനായി വീഡിയോ സന്ദേശം പുറത്തുവിട്ടത്. ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്നും അവര്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകളും എന്‍ജിഒകളും ഇടത്-തീവ്ര ഇടത് പക്ഷങ്ങളും ഒന്നിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തിരുന്നു.
അഴിമതിക്കാരും ക്രിമിനലുകളുമായി യാതൊരു വിട്ടുവീഴ്ചയുമില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമിന്റെ പ്രതികരണം. തന്റെ ഭരണകാലത്ത് ജനാധിപത്യത്തെ അപകടത്തിലാക്കിയ മമതയുമായി സഖ്യത്തിനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി സ്വപ്പന്‍ ബാനര്‍ജിയും പറഞ്ഞു. മുമ്പ് കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ച മമത ഇപ്പോള്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത് വിശ്വസിക്കാനാവില്ലെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് വക്താവ് സൗമ്യ ഐച്ച് റോയ് പ്രതികരിച്ചത്. 2016 ലെ സഖ്യത്തെ മമത അധിക്ഷേപിച്ച കാര്യവും അദേഹം ഓര്‍മ്മിപ്പിച്ചു.
സമീപ കാലത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 294 സീറ്റുകളില്‍ 207 എണ്ണം നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. ടിഎംസിക്ക് 80 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കൊല്‍ക്കത്തയിലെ ബള്ളിഗഞ്ചില്‍ നിന്ന് വിജയിച്ച മുതിര്‍ന്ന നേതാവ് ശോഭന്‍ദേബ് ചതോപാധ്യായയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി ടിഎംസി നിയോഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.