ഓസ്ട്രേലിയയിൽ മസാജിനെത്തിയ 61 സ്ത്രീകളെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ രഹസ്യമായി പകർത്തി; ഇന്ത്യൻ വംശജന് 14 വർഷം തടവ്

ഓസ്ട്രേലിയയിൽ മസാജിനെത്തിയ 61 സ്ത്രീകളെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ രഹസ്യമായി പകർത്തി; ഇന്ത്യൻ വംശജന് 14 വർഷം തടവ്

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിൽ മസാജ് ചെയ്യാനെത്തിയ 61 സ്ത്രീകളെ ക്രൂരമായി ലൈംഗികമായി ചൂഷണം ചെയ്യുകയും ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും ചെയ്ത കേസിൽ ഇന്ത്യൻ വംശജന് 14 വർഷം കഠിന തടവ് വിധിച്ച് കോടതി. അഡ്‌ലെയ്ഡ് സബർബായ ഗ്ലെനെൽഗിലുള്ള മസാജ് പാർലറിൽ ജോലി ചെയ്തിരുന്ന ഡൽഹി സ്വദേശി സുമിത് സതീഷ് റസ്തോഗിയെയാണ് (39) സൗത്ത് ഓസ്‌ട്രേലിയ ജില്ലാ കോടതി ശിക്ഷിച്ചത്.

വെറും ഒൻപത് മാസത്തിനിടയിലാണ് ഇത്രയധികം സ്ത്രീകളെ ഇയാൾ പീഡനത്തിനിരയാക്കിയത്. 2011 ൽ ഡൽഹിയിൽ നിന്ന് അഡ്‌ലെയ്ഡിലേക്ക് കുടിയേറിയ ഇയാളെ 2022 ജൂലൈയിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മസാജ് ചെയ്യാൻ യാതൊരുവിധ ഔദ്യോഗിക യോഗ്യതയോ ലൈസൻസോ ഇല്ലാതെയാണ് സുമിത് ഈ സ്ഥാപനത്തിൽ സേവനം നൽകിയിരുന്നതെന്ന് കോടതി കണ്ടെത്തി.

പീഡനത്തിന് പുറമെ മസാജ് പാർലറിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി. ഇത്തരത്തിൽ 55 ഓ‌ളം ദൃശ്യങ്ങൾ ഇയാളുടെ ക്യയിൽ ഉണ്ടെന്നാണ് പൊലിസ് പറയുന്നത്.  42 ലൈംഗിക അതിക്രമക്കേസുകളും ദൃശ്യങ്ങൾ പകർത്തിയതുമുൾപ്പെടെ 97 കുറ്റങ്ങൾ പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു. 2021 ഒക്ടോബറിനും 2022 ജൂലൈക്കും ഇടയിലായിരുന്നു ഈ അതിക്രമങ്ങളെല്ലാം നടന്നത്.

തങ്ങളെ സുരക്ഷിതമായി പരിചരിക്കുമെന്ന് കരുതി വിശ്വസിച്ചെത്തിയ സ്ത്രീകളുടെ വിശ്വാസ്യതയാണ് പ്രതി തകർത്തതെന്ന് ശിക്ഷാവിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി കാർമെൻ മാറ്റിയോ നിരീക്ഷിച്ചു. അറസ്റ്റിലേക്ക് നയിച്ച അവസാന മാസങ്ങളിൽ ഇയാളുടെ അതിക്രമങ്ങൾ പരിധിവിട്ടിരുന്നതായും ഇത്തരം സ്ഥാപനങ്ങളിൽ കൃത്യമായ മേൽനോട്ടവും നിയന്ത്രണങ്ങളും ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിന്റെ വിചാരണ നീണ്ടുപോയത് തങ്ങളുടെ മാനസിക വീണ്ടെടുപ്പിനെ ദോഷകരമായി ബാധിച്ചുവെന്ന് ഇരകൾ പരാതിപ്പെട്ടു. മസാജ് സെഷനുകളിൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ അസ്വാഭാവികതയോ തോന്നിയാൽ സ്ത്രീകൾ ഒട്ടും മടിക്കാതെ ഉടൻ തന്നെ പ്രതികരിക്കണമെന്നും അധികൃതരെ വിവരമറിയിക്കണമെന്നും ഇരകൾ ഒടുവിൽ സമൂഹത്തോട് ആഹ്വാനം ചെയ്തു. പ്രതിക്ക് 14 വർഷത്തെ തടവ് ശിക്ഷ ലഭിച്ചെങ്കിലും ഇരകളുടെ മനസിലേറ്റ മുറിവ് ഉണങ്ങാൻ ഇനിയും കാലങ്ങളെടുക്കുമെന്നാണ് കോടതി വിലയിരുത്തൽ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.