'ഇറാഖിലെ ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കും, അവർ ഞങ്ങളുടെ സ്വത്വത്തിന്റെ ഭാഗം'; മാർപാപ്പയ്ക്ക് ഉറപ്പ് നൽകി കുർദിഷ് പ്രസിഡന്റ്

'ഇറാഖിലെ ക്രൈസ്തവരുടെ അവകാശങ്ങൾ സംരക്ഷിക്കും, അവർ ഞങ്ങളുടെ സ്വത്വത്തിന്റെ ഭാഗം'; മാർപാപ്പയ്ക്ക് ഉറപ്പ് നൽകി കുർദിഷ് പ്രസിഡന്റ്

റോം: ഇറാഖിലെ ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങളും അന്തസും സംരക്ഷിക്കുന്നതിൽ തങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഉറപ്പ് നൽകി കുർദിസ്ഥാൻ മേഖലയുടെ പ്രസിഡന്റ് നെച്ചിർവാൻ ബർസാനി. വടക്കൻ ഇറാഖിലെ സ്വയം ഭരണാധികാരമുള്ള കുർദ്ദിസ്ഥാൻ മേഖലയുടെ പ്രസിഡന്റായ ബർസാനി മാർപാപ്പയുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

2014 ൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർഇറാഖിലെ മൊസൂൾ നഗരം കീഴടക്കിയതിനെ തുടർന്ന് ജീവൻ രക്ഷിക്കാനായി പതിനായിരക്കണക്കിന് ഇറാഖി ക്രിസ്ത്യാനികളായിരുന്നു സുരക്ഷിത താവളം തേടി കുർദ്ദിസ്ഥാൻ മേഖലയിലേക്ക് പലായനം ചെയ്തിരുന്നത്.

മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രസിഡന്റ് നെച്ചിർവാൻ ബർസാനി തന്റെ ഔദ്യോഗിക 'എക്സ്' ഹാൻഡിലിൽ വിശേഷങ്ങൾ പങ്കുവെച്ചു. ക്രൈസ്തവർ ഉൾപ്പെടെയുള്ള എല്ലാ മത സമൂഹങ്ങളും കുർദിസ്ഥാൻ മേഖലയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് അദേഹം കുറിച്ചു.

"ക്രൈസ്തവരുടെ അവകാശങ്ങൾ, അന്തസ്, അവരുടെ പൂർവ്വികരുടെ മണ്ണിലെ സമാധാനപരമായ സാന്നിധ്യം എന്നിവ സംരക്ഷിക്കുന്നത് എല്ലായ്പ്പോഴും ഞങ്ങളുടെ കടമയാണ്. ആ കടമ വരും ദിവസങ്ങളിലും കൃത്യമായി തുടരുമെന്ന് ഞാൻ പരിശുദ്ധ പിതാവിനോട് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്." - ബർസാനി പറഞ്ഞു.

ലോകമെമ്പാടും സമാധാന സംഭാഷണങ്ങളും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി വത്തിക്കാൻ നൽകുന്ന ധാർമ്മിക നേതൃത്വത്തിന് ഇറാഖിന്റെയും കുർദിസ്ഥാൻ മേഖലയുടെയും പേരിലുള്ള ആദരവും നന്ദിയും പ്രസിഡന്റ് മാർപാപ്പയെ അറിയിച്ചു.

മുൻപ് ഫ്രാൻസിസ് മാർപാപ്പ ഇറാഖിലേക്കും കുർദ്ദിസ്ഥാൻ മേഖലയിലേക്കും നടത്തിയ ചരിത്രപരമായ സന്ദർശനത്തിന്റെ ഓർമ്മകൾ ഇരുവരും കൂടിക്കാഴ്ചയിൽ പുതുക്കി. വരും ദിവസങ്ങളിൽ ഇറാഖും കുർദ്ദിസ്ഥാൻ മേഖലയും സന്ദർശിക്കാനായി പരിശുദ്ധ പിതാവിനെ അദേഹം ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. കുർദ്ദിസ്ഥാൻ മേഖലയിലെ ക്രൈസ്തവ സമൂഹത്തിന് വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഭരണാധികാരിയുടെ ഈ വത്തിക്കാൻ സന്ദർശനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.