വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഇറാഖി ഭീകരന്‍ പിടിയില്‍. മുപ്പത്തിരണ്ടുകാരനായ മുഹമ്മദ് ബാഖര്‍ സാദ് ദാവൂദ് അല്‍ സാദി ആണ് പിടിയിലായത്.
ഇയാള്‍ക്ക് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഖതൈബ് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്നും യു.എസ് അധികൃതര്‍ വ്യക്തമാക്കി.
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥനായ അഹമ്മദ് കസേമിയുടെ മകനായ അല്‍ സാദി, ടെഹ്റാനില്‍ വെച്ചാണ് ഐആര്‍ജിസിയുടെ പരിശീലനം നേടിയത്. മുന്‍ സൈനിക കമാന്‍ഡര്‍ സുലൈമാനിക്കൊപ്പം സൈനിക ഭൂപടങ്ങള്‍ പരിശോധിക്കുന്ന ഇയാളുടെ ചിത്രങ്ങളും അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഫ്‌ളോറിഡയില്‍ ഭര്‍ത്താവ് ജാരെഡ് കുഷ്‌നറുമൊത്ത് താമസിക്കുന്ന ഇവാങ്കയുടെ വസതിയുടെ ബ്ലൂപ്രിന്റ് അറസ്റ്റിലാകുമ്പോള്‍ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. ഫ്‌ളോറിഡയിലെ ഇവരുടെ വീടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഇയാള്‍, അമേരിക്കക്കാരുടെ കൊട്ടാരങ്ങള്‍ക്കോ രസഹ്യ സര്‍വീസിനോ അവരെ സംരക്ഷിക്കാനാവില്ലെന്ന് പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
2020-ല്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ മരണത്തിന് പ്രതികാരമായാണ് ഇയാള്‍ ഇവാങ്കയെ വധിക്കാന്‍ പദ്ധതിയിട്ടത്. സുലൈമാനിയെ തന്റെ പിതൃതുല്യനായിട്ടാണ് അല്‍ സാദി കണ്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇക്കഴിഞ്ഞ മെയ് 15 ന് തുര്‍ക്കിയില്‍ വെച്ചാണ് അല്‍ സാദി അറസ്റ്റിലായത്. പിന്നീട് ഇയാളെ അമേരിക്കയ്ക്ക് കൈമാറി. നിലവില്‍ ബ്രൂക്ലിനിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ ഏകാന്ത തടവിലാണ് ഇയാള്‍. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇറാഖ് പ്രധാനമന്ത്രിയുടെ അനുമതിയോടെ മാത്രം നല്‍കുന്ന പ്രത്യേക പാസ്പോര്‍ട്ടും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു.
ഇവാങ്കയെ ലക്ഷ്യം വെച്ചതിന് പുറമെ, യൂറോപ്പിലും അമേരിക്കയിലുമായി നടന്ന നിരവധി ആക്രമണങ്ങളിലും ഗൂഢാലോചനകളിലും അല്‍ സാദിക്ക് പങ്കുണ്ടെന്ന് യു.എസ് നീതിന്യായ വകുപ്പ് ആരോപിച്ചു. ആംസ്റ്റര്‍ഡാമിലെ ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെലോണിന് നേരെ നടന്ന ആക്രമണം, ലണ്ടനിലെ ജൂത വംശജര്‍ക്ക് കുത്തേറ്റ സംഭവം, ടൊറന്റോയിലെ യു.എസ് കോണ്‍സുലേറ്റിന് നേരെയുള്ള വെടിവെപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.