ഇന്ത്യൻ വനിതാ വോളിബോൾ ടീമിൽ അസംപ്ഷൻ കോളേജിന്റെ മൂന്ന് താരങ്ങൾ; ചങ്ങനാശേരിക്കും കേരളത്തിനും അഭിമാന നിമിഷം

ഇന്ത്യൻ വനിതാ വോളിബോൾ ടീമിൽ അസംപ്ഷൻ കോളേജിന്റെ മൂന്ന് താരങ്ങൾ; ചങ്ങനാശേരിക്കും കേരളത്തിനും അഭിമാന നിമിഷം

ചങ്ങനാശേരി: നേപ്പാളിൽ ശനിയാഴ്ച ആരംഭിച്ച കാവ വിമൻസ് വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള സീനിയർ ഇന്ത്യൻ വനിതാ വോളിബോൾ ടീമിലേക്ക് ചങ്ങനാശേരി അസംപ്ഷൻ കോളജിൽ നിന്ന് മൂന്ന് താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ അസംപ്ഷൻ കോളജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ പി. അനാമിക, മുൻ അസംപ്ഷൻ താരങ്ങളായ അന്ന മാത്യു (കെഎസ്ഇബി), ആര്യ കെ. (റെയിൽവേസ്) എന്നിവരാണ് ഇന്ത്യൻ ടീമിൽ ഇടംനേടിയത്.

കേരളത്തിലെ വനിതാ വോളിബോൾ രംഗത്ത് വർഷങ്ങളായി നിർണായക സാന്നിധ്യമായ അസംപ്ഷൻ കോളജിന്റെ കായിക മികവിനുള്ള തുടർച്ചയായ അംഗീകാരമായാണ് ഈ നേട്ടത്തെ കായിക ലോകം വിലയിരുത്തുന്നത്. ഇന്ത്യൻ ടീമിന്റെ മിഡിൽ ബ്ലോക്കറായ പി. അനാമിക കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദേശീയ തലത്തിൽ ശ്രദ്ധേയ പ്രകടനങ്ങളിലൂടെ തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ്.

കഴിഞ്ഞ വർഷം ജർമ്മനിയിൽ നടന്ന വേൾഡ് യൂണിവേഴ്സിറ്റി വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിനെ പ്രതിനിധീകരിച്ച് അനാമിക പങ്കെടുത്തിരുന്നു. കൂടാതെ സീനിയർ ഫെഡറേഷൻ കപ്പ് നാഷണൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ യൂണിവേഴ്സിറ്റി ടീമിനായി കളിച്ച് വെങ്കല മെഡൽ നേട്ടത്തിലും പങ്കാളിയായി.

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ വോളിബോൾ പരിശീലകനായ നവാസ് വഹാബിന്റെ കീഴിൽ കഴിഞ്ഞ മൂന്ന് വർഷമായി അനാമിക കഠിന പരിശീലനത്തിലാണ്. അനാമികയുടെ വളർച്ചയ്ക്ക് പരിശീലകന്റെ മികവും കോളേജിലെ മികച്ച കായികാന്തരീക്ഷവും വലിയ പങ്കുവഹിച്ചതായി കായിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ദേശീയ സർക്യൂട്ടിൽ മികച്ച ഫോം തുടരുന്ന താരങ്ങളാണ് മുൻ അസംപ്ഷൻ വിദ്യാർത്ഥിനികളായ അന്ന മാത്യുവും ആര്യ കെ. യും കെഎസ്ഇബിക്ക് വേണ്ടി കളിക്കുന്ന അന്നയും ഇന്ത്യൻ റെയിൽവേസിനെ പ്രതിനിധീകരിക്കുന്ന ആര്യയും ദേശീയ ചാമ്പ്യൻഷിപ്പുകളിലെ സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ഇതിനകം തന്നെ ഇന്ത്യൻ ടീമിലെ സാന്നിധ്യങ്ങളായി മാറിയിട്ടുണ്ട്.

അസംപ്ഷൻ കോളജിന്റെ കായിക പാരമ്പര്യത്തിലെ മറ്റൊരു പൊൻതൂവലായ ഈ നേട്ടത്തിൽ കോളജ് മാനേജ്‌മെന്റ്, അധ്യാപകർ, വിദ്യാർത്ഥികൾ, പൂർവ്വവിദ്യാർത്ഥികൾ എന്നിവർ താരങ്ങളെ അഭിനന്ദിച്ചു. കാവ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന് മികച്ച നേട്ടം കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ വോളിബോൾ പ്രേമികൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.