നീണ്ട പോരാട്ടത്തിനൊടുവിൽ ഹർഷിനയ്ക്ക് നീതി; സർക്കാർ ജോലി നൽകും, അർഹമായ നഷ്ട പരിഹാരത്തിനും ഉറപ്പ്

നീണ്ട പോരാട്ടത്തിനൊടുവിൽ ഹർഷിനയ്ക്ക് നീതി; സർക്കാർ ജോലി നൽകും, അർഹമായ നഷ്ട പരിഹാരത്തിനും ഉറപ്പ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനെത്തുടർന്ന് വർഷങ്ങളായി നീതിക്കായി തെരുവിൽ പോരാടിയ ഹർഷിനയ്ക്ക് ഒടുവിൽ സർക്കാർ തലത്തിൽ അനുകൂല തീരുമാനം. ഹർഷിനയുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ച സർക്കാർ പൊതുജനാരോഗ്യ വകുപ്പിന് കീഴിൽ അടിയന്തരമായി ജോലി നൽകാനും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനും തീരുമാനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യവകുപ്പ് മന്ത്രി എന്നിവരുമായി ഹർഷിനയും സമരസമിതി നേതാക്കളും നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് പ്രഖ്യാപനം. താൻ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു.

ജോലി നിയമന ഉത്തരവ് ഇന്ന് തന്നെ കൈമാറുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നൽകിയതായും ഹർഷിന വ്യക്തമാക്കി. സമര സമിതി ഉന്നയിച്ച ആവശ്യങ്ങൾ പൂർണമായും സർക്കാർ അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സമര സമിതി ചെയർമാൻ ദിനേശ് പെരുമണ്ണ പ്രതികരിച്ചു. ടി. സിദ്ദിഖ് എംഎൽഎയും സമര സമിതി നേതാക്കളും മുഖ്യമന്ത്രിയെ കണ്ട സംഘത്തിലുണ്ടായിരുന്നു.

2017 നവംബർ 30 നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം കടുത്ത ശാരീരിക അസ്വസ്ഥതകളിലൂടെ കടന്നുപോയ ഹർഷിന, തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രികയുള്ള വിവരം അറിയുന്നത്. 2022 സെപ്റ്റംബർ 17 ന് മറ്റൊരു ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.

തുടർ ചികിത്സയ്ക്കായി ഭീമമായ തുക ചിലവായതിനാൽ മുൻപ് സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം ഹർഷിന നിരസിച്ചിരുന്നു. ഇതേത്തുടർന്നാണ് അർഹമായ നഷ്ടപരിഹാരവും ജോലിയും ആവശ്യപ്പെട്ട് ഹർഷിന സമര രംഗത്തേക്ക് ഇറങ്ങിയത്.

കേസിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ടിൽ ആദ്യം അവ്യക്തതകൾ നിലനിന്നിരുന്നെങ്കിലും പൊലീസ് നടത്തിയ കൃത്യമായ ശാസ്ത്രീയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും ഉൾപ്പെടെ നാല് പേരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

നീണ്ട നാളത്തെ നിയമ പോരാട്ടങ്ങൾക്കും ജനകീയ സമരങ്ങൾക്കും ഒടുവിൽ ലഭിച്ച ഈ അനുകൂല നടപടിയിൽ വലിയ പ്രതീക്ഷയിലാണ് ഹർഷിനയും കുടുംബവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.