സുൽത്താൻ ബത്തേരി: വയനാട് പുത്തുമലയിൽ സ്കൂട്ടർ യാത്രക്കാരിയായ ജെസി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ വലിയ പ്രതിഷേധവുമായി നാട്ടുകാർ. ആനയെ മയക്കുവെടി വെച്ച് പിടികൂടണമെന്നും കുടുംബത്തിന് അർഹമായ നഷ്ട പരിഹാരം ഉടൻ നൽകണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ മേപ്പാടി ടൗണിൽ റോഡ് ഉപരോധിച്ചു. ഇതിനെത്തുടർന്ന് മരിച്ച ജെസിയുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി 10 ലക്ഷം രൂപ പ്രഖ്യാപിച്ചതായി മന്ത്രി ടി. സിദ്ധിഖ് അറിയിച്ചു.
മേപ്പാടി - ചൂരൽമല റോഡിൽ പുത്തുമലയ്ക്കടുത്ത് ചൂണ്ടി വളവിൽ ഇന്ന് രാവിലെ ആറരയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. പുത്തുമല സ്വദേശിനിയായ ജെസിയും ഭർത്താവ് ഷാജിയും ജോലിക്കു പോകാനായി സ്കൂട്ടറിൽ വരുമ്പോൾ രണ്ട് കാട്ടാനകൾ റോഡിൽ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.
ആനകളെ കണ്ട് സ്കൂട്ടർ തിരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാട്ടാനകളിൽ ഒന്ന് ഓടിയെത്തി ജെസിയെ തുമ്പിക്കൈയിലെടുത്ത് ചുഴറ്റിയെറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജെസിയെ ഉടൻ തന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണത്തിന് പിന്നാലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മേപ്പാടി ടൗണിൽ റോഡ് ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ സൗത്ത് ഡിഎഫ്ഒ നേരിട്ടെത്തി നാട്ടുകാരുമായി ചർച്ച നടത്തി. വന്യമൃഗത്തെ പിടികൂടാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ആദ്യഘട്ടമായി കുടുംബത്തിന് 14 ലക്ഷം രൂപയുടെ നഷ്ടപരിഹാര പാക്കേജ് ഉറപ്പാക്കുമെന്നും ഡിഎഫ്ഒ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ സമരം അവസാനിപ്പിച്ചു.
സർക്കാർ തലത്തിൽ കുടുംബത്തിന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും മരണാനന്തര ചടങ്ങുകൾക്കായി പ്രാഥമികമായി പതിനായിരം രൂപ അനുവദിച്ചതായും മന്ത്രി ടി. സിദ്ധിഖ് വ്യക്തമാക്കി. സംഭവത്തിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രദേശത്ത് വനംവകുപ്പിന്റെ പ്രത്യേക നിരീക്ഷണ സംഘത്തെ കാവലിനായി നിയോഗിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.