ബംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ലോക്ഭവനിലെത്തി ഗവര്‍ണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയ അദേഹം ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിക്കുകയും ചെയ്തു.
ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെലോട്ട് നിലവില്‍ കുടുംബപരമായ ആവശ്യങ്ങള്‍ക്കായി മധ്യപ്രദേശിലായതിനാല്‍ അദേഹം മടങ്ങിയെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും. ഇന്ന് രാവിലെ ബംഗളൂരുവിലെ സിദ്ധരാമയ്യയുടെ ഔദ്യോഗിക വസതിയില്‍ നടന്ന പ്രഭാത വിരുന്നിലാണ് താന്‍ സ്ഥാനമൊഴിയുന്ന കാര്യം സിദ്ധരാമയ്യ മന്ത്രിമാരെ അറിയിച്ചത്.
സിദ്ധരാമയ്യ ഉടന്‍ തന്നെ ഡല്‍ഹിയിലെത്തി പാര്‍ട്ടി നേതൃത്വത്തെ കാണും. സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേര്‍ന്നേക്കും. ഇതില്‍ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ നിയമസഭാ കക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കും.
രാജി വെയ്ക്കുന്നതിന് മുന്നോടിയായി സിദ്ധരാമയ്യ അദേഹത്തോട് അടുപ്പമുള്ള ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിലേക്ക് മാറ്റുകയും തന്റെ മകന്‍ യതീന്ദ്ര അടക്കമുള്ളവര്‍ക്ക് പുതിയ മന്ത്രിസഭയില്‍ ഇടം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇന്ന് തന്നെ ഡല്‍ഹിയിലെത്തുന്ന സിദ്ധരാമയ്യ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. അദേഹത്തിന് രാജ്യസഭാ സീറ്റും ദേശീയ തലത്തില്‍ ഉയര്‍ന്ന പദവിയുംഹൈക്കമാന്‍ഡ് വാഗ്ദാനം ചെയ്തിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തിലെത്തിയതു മുതല്‍ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായുള്ള അധികാര തര്‍ക്കം നിലനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതോടെയാണ് മുഖ്യ മന്ത്രിസ്ഥാനമൊഴിയാന്‍ സിദ്ധരാമയ്യ തയ്യാറായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.