തിരുവനന്തപുരം: സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെ വഞ്ചിയൂര്‍ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇതിനോടകം എട്ട് പേരെ പോലീസ് പിടികൂടിയിട്ടുണ്ടെങ്കിലും അക്രമത്തിന് നേതൃത്വം നല്‍കിയ പ്രധാനികളായ പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കനത്ത പൊലീസ് സുരക്ഷയിലാണ് വൈദ്യ പരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. അവധി ദിവസമായ ഇന്ന് കോടതിയിലെത്തിയാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇവരെ പൂജപ്പുര ജയിലിലേക്ക് മാറ്റി. എ.ആര്‍ ക്യാമ്പില്‍ നിന്ന് പുറത്തേക്കിറക്കിയപ്പോഴും കോടതിയിലേക്ക് കയറുമ്പോഴും സിപിഎം പ്രവര്‍ത്തകര്‍ പ്രതികളെ അഭിവാദ്യം ചെയ്ത് മുദ്രാവാക്യം വിളിച്ചു.
പ്രതികള്‍ക്കെതിരേ വധശ്രമം (ബിഎന്‍എസ് 309), ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി സംഘംചേരല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇവര്‍ക്ക് പെട്ടെന്ന് ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
നിലവില്‍ ആകെ എട്ട് പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ആദ്യം അറസ്റ്റിലായ അഞ്ച് പേരെ കൂടാതെ ഇന്ന് മൂന്ന് പേരെ കൂടി കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ഒരാളെ കോട്ടയത്ത് നിന്നും മറ്റു രണ്ട് പേരെ തിരുവനന്തപുരത്ത് നിന്നുമാണ് പിടികൂടിയത്.
പ്രതികളായ കൗണ്‍സിലര്‍ ഐ.പി ബിനു, മുന്‍ കൗണ്‍സിലര്‍ ആറ്റുകാല്‍ ഉണ്ണി എന്നിവരെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് ഒളിവില്‍ പോകാന്‍ പൊലീസ് സൗകര്യം ചെയ്തുകൊടുത്തു എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇന്നലെ ഇവരെ കസ്റ്റഡിയിലെടുക്കാന്‍ അവസരമുണ്ടായിട്ടും പൊലീസ് അതിന് തയ്യാറായില്ലെന്നും ആരോപണമുണ്ട്. നിലവില്‍ ഇവരുടെ വീടുകളിലടക്കം നാല്‍പ്പതോളം സ്ഥലങ്ങളില്‍ പൊലീസ് പരിശോധന നടത്തി.
ബുധനാഴ്ചയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വീടുകളിലും സിഎംആര്‍എല്‍.-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയത്. ഇതില്‍ പിണറായി വിജയനും മകള്‍ വീണാ വിജയനും ഉണ്ടായിരുന്ന തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വാടക വീട്ടില്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയ വനിത ഉള്‍പ്പെടെയുള്ള ഇ.ഡി ഉദ്യോഗസ്ഥരെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച മൂന്ന് കാറുകള്‍ തല്ലിത്തകര്‍ത്തു. ഇ.ഡി സംഘത്തിനൊപ്പമുണ്ടായിരുന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥ, ബാങ്ക് ഓഫീസര്‍, കാര്‍ ഡ്രൈവര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പിണറായിയുടെ വാടകവീടിന്റെ ഗേറ്റിനുപുറത്തേക്ക് ഇറങ്ങിയ ഉടന്‍ സി.പി.എം പ്രവര്‍ത്തകര്‍ കാറുകള്‍ ആക്രമിച്ചു. ചുടുകട്ടയും വടിയും പോലീസുകാരില്‍ നിന്ന് പിടിച്ചു വാങ്ങിയ ഹെല്‍മറ്റും ഷീല്‍ഡും ഉപയോഗിച്ച് കാറിന്റെ ചില്ലുകളും തകര്‍ത്തു. ഏറെ പണിപ്പെട്ടാണ് വാഹനങ്ങള്‍ പോലീസ് പുറത്തേക്ക് കടത്തിയത്. ആക്രമിക്കപ്പെട്ട ഇ.ഡി ഉദ്യോഗസ്ഥര്‍ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.