വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി; പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആറു മാസം പ്രസവാവധി; നയപ്രഖ്യാപനം പൂർത്തിയായി

വിദ്യാർഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി; പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആറു മാസം പ്രസവാവധി; നയപ്രഖ്യാപനം പൂർത്തിയായി

തിരുവനന്തപുരം: വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കും ആകാംക്ഷകൾക്കുമൊടുവിൽ സംസ്ഥാനത്ത് അധികാരമേറ്റ വി.ഡി സതീശൻ സർക്കാരിന്റെ കന്നി നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ പൂർത്തിയായി. ഒരു മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്ന പ്രസംഗത്തിൽ സ്ത്രീ സൗഹൃദ-ക്ഷേമ മേഖലകളിൽ ചരിത്രപരമായ പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നടത്തിയത്.

സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയഗീതമായ വന്ദേമാതരം ആലപിച്ചുകൊണ്ടാണ് സഭാ നടപടികൾ ആരംഭിച്ചതും അവസാനിച്ചതും. എന്നാൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന രാജ്ഭവന്റെ കർശന നിർദേശം സർക്കാർ തള്ളിയത് നേരിയ അസ്വരസ്യത്തിന് വഴിവെച്ചു.

മുൻ സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായി കേന്ദ്ര സർക്കാരിനെതിരെയുള്ള കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ളതായിരുന്നു നയപ്രഖ്യാപനം. കേന്ദ്രവുമായി ക്രിയാത്മകമായ ഇടപെടലിൽ സർക്കാർ ഉറച്ചു വിശ്വസിക്കുന്നുവെന്നും സംസ്ഥാനത്തിന് അവകാശപ്പെട്ട സാമ്പത്തിക വിഹിതവും പരിഗണനയും ഉറപ്പാക്കാൻ ശ്രമിക്കുമെന്നും ഗവർണർ വ്യക്തമാക്കി.

സംസ്ഥാനത്ത് വനിതാ-വയോജന ക്ഷേമ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് സർക്കാർ മുന്നോട്ടു വെച്ചിരിക്കുന്നത്. സ്കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസം വരെ ആർത്തവ അവധി അനുവദിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് സർക്കാർ അറിയിച്ചു. അതോടൊപ്പം പൊതു-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആറു മാസം വരെ പ്രസവാവധി ഉറപ്പാക്കുന്നതിനും നടപടികൾ സ്വീകരിക്കും.

സ്ത്രീകളുടെ യാത്രാ സൗകര്യം കൂടുതൽ സുഗമമാക്കുന്നതിനായി കെഎസ്ആർടിസി ബസുകളിൽ സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു.

വയോജന-അനാഥ ക്ഷേമ രംഗത്തും വലിയ പദ്ധതികളാണ് സർക്കാർ മുന്നോട്ടുവെക്കുന്നത്. ‘കേരളത്തെ അനാഥരില്ലാത്ത സംസ്ഥാനമാക്കുക’ എന്നതാണ് സർക്കാരിന്റെ അന്തിമ ലക്ഷ്യമെന്ന് വ്യക്തമാക്കിയ സർക്കാർ വയോജന സംരക്ഷണ പദ്ധതിയായ ‘വയോമിത്രം’ എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്നും അറിയിച്ചു.

സംസ്ഥാനത്ത് മയക്കു മരുന്നിന്റെ വേരറുക്കാൻ എക്സൈസ്-ആഭ്യന്തര-ആരോഗ്യ വകുപ്പുകളെ സംയോജിപ്പിച്ച് പുതിയ ബൃഹത് പദ്ധതി കൊണ്ടുവരും. ഓൺലൈൻ ലഹരി ശൃംഖലകൾ കർശനമായി തടയുന്നതിനൊപ്പം ലഹരിക്കേസുകളിൽ ഉൾപ്പെടുന്ന പ്രതികളുടെ സ്വത്തുക്കൾ പൂർണമായി കണ്ടുകെട്ടുമെന്ന വിട്ടുവീഴ്ചയില്ലാത്ത പ്രഖ്യാപനവും യുഡിഎഫ് സർക്കാർ നയരേഖയിൽ മുന്നോട്ടുവെച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക നില നിലവിൽ അതീവ ഗുരുതരമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. യാഥാർത്ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ സാമ്പത്തിക ധവളപത്രം ഇറക്കും. ക്ലീൻ ഗവേണൻസ് മുദ്രാവാക്യമാക്കി ജനപക്ഷത്ത് നിന്നുകൊണ്ടുള്ള സുതാര്യവും വേഗതയേറിയതുമായ ഭരണമാണ് ലക്ഷ്യം. അഴിമതി വെച്ചുപൊറുപ്പിക്കില്ല. എക്സൈസ് നയം പരിഷ്കരിക്കുമെന്നും നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു.

യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ പ്രസംഗത്തിൽ എല്ലാ ജില്ലകളിലും പ്ലസ് വൺ സീറ്റുകൾ ഉയർത്തുമെന്നും വ്യക്തമാക്കുന്നു. കേരളത്തിലെ പൊലീസ് സംവിധാനം ആധുനികവത്കരിക്കും. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തി കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കും.

കൃഷിയെ ലാഭകരമായ ഒരു തൊഴിൽമേഖലയാക്കി മാറ്റും. ഇതിനൊപ്പം ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുമെന്നും സംസ്ഥാനത്തിന്റെ ജലനയം സമഗ്രമായി പരിഷ്‌കരിക്കുമെന്നും ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.