തിരുവനന്തപുരം: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇതുസംബന്ധിച്ച് വിജ്ഞാപനം സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.
കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം കഴിഞ്ഞ ദിവസം
മുഖ്യമന്ത്രി വി.ഡി സതീശനെ കണ്ടിരുന്നു. പൊലീസ് അന്വേഷണത്തില്‍ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. യുഡിഎഫ് സര്‍ക്കാര്‍ സിബിഐയ്ക്ക് വിടുന്ന ആദ്യത്തെ കേസാണിത്. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പി.പി ദിവ്യയാണ് ഏക പ്രതി.
പതിമൂന്ന് സാക്ഷികളെ പുതുതായി ചേര്‍ത്ത നവീന്‍ ബാബു കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സാക്ഷിപ്പട്ടികയില്‍ പുതുതായി ചേര്‍ത്തിരിക്കുന്നത്. എഡിഎമ്മിന്റെ ക്വാര്‍ട്ടേഴ്സിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ പൂര്‍ണഭാഗവും ഹാജരാക്കി. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധന വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയിലാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് തുടരന്വേഷണം നടത്തി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എഡിഎം നവീന്‍ ബാബുവിനെതിരെ ഉയര്‍ന്ന പരാതിയില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ കോടതിയെ സമീപിച്ചത്. 2024 ഒക്ടോബര്‍ 15 ന് പുലര്‍ച്ചെയാണ് കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കളക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.