നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം: രണ്ടാനച്ഛനുമായി തെളിവെടുപ്പ് നടത്തി പൊലീസ്; പ്രതിക്ക് നേരെ പാഞ്ഞടുത്ത് നാട്ടുകാര്‍

നെടുമങ്ങാട് ഒന്നര വയസുകാരന്റെ മരണം: രണ്ടാനച്ഛനുമായി  തെളിവെടുപ്പ് നടത്തി പൊലീസ്; പ്രതിക്ക് നേരെ പാഞ്ഞടുത്ത് നാട്ടുകാര്‍

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ ഒന്നര വയസുകാരന്‍ ക്രൂര മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളില്‍ ഒരാളായ അഷ്‌കറുമായി തെളിവെടുപ്പ് നടത്തി പൊലീസ്. പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചതിനിടെ ജനരോഷം ഉയര്‍ന്നു. പ്രതിക്ക് നേരെ അസഭ്യ വാക്കുകളുമായെത്തിയ നാട്ടുകാര്‍ കൈയേറ്റം ചെയ്യാനും ശ്രമം നടത്തി.

ആക്രമിക്കാന്‍ ശ്രമിച്ചതോടെ പൊലീസുകാര്‍ നന്നേ പാടുപെട്ടാണ് പ്രതിയെ വീടിനകത്തേക്ക് കൊണ്ടു പോയത്. തുടര്‍ന്ന് വീട്ടിലും വീടിന് പുറത്തും മിനിറ്റുകള്‍ക്കകം തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് പ്രതിയുമായി മടങ്ങി. ഇതിനിടെ പ്രകോപിതരായ നാട്ടുകാരും പൊലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി. കേസിലെ മറ്റൊരു പ്രതിയായ കുട്ടിയുടെ അമ്മ അഖിലയെ തെളിവെടുപ്പിന് എത്തിച്ചിട്ടില്ല.

ഒന്നര വയസുകാരനായ അര്‍ഷിതിന്റെ മരണത്തിലാണ് അമ്മ അഖിലയെയും രണ്ടാനച്ഛനായ അഷ്‌കറിനെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ക്രൂര പീഡനമേറ്റാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഇരുവരെയും പൊലീസ് പിടികൂടിയത്.

അഖിലയുടെയും ആദ്യ ഭര്‍ത്താവായ അഖിലിന്റെയും മകനാണ് അര്‍ഷിത്. രണ്ട് വര്‍ഷം മുന്‍പാണ് അഖില്‍ മരിച്ചത്. ഇതിന് ശേഷമാണ് അഖില അഷ്‌കറിനൊപ്പം താമസം ആരംഭിച്ചത്.

കഴിഞ്ഞ ആറ് മാസമായി അഷ്‌കറും അഖിലയും കുഞ്ഞും ഇവിടെയാണ് താമസമെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ അയല്‍ക്കാരുമായോ നാട്ടുകാരുമായോ അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. ഇടയ്ക്ക് വീട്ടില്‍നിന്ന് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാമായിരുന്നു.

അടുത്തിടെ കുഞ്ഞിന്റെ രണ്ട് കൈകളിലും പ്ലാസ്റ്ററിട്ടത് ചിലര്‍ കണ്ടു. തുടര്‍ന്ന് അഷ്‌കറിനോട് കാര്യം തിരക്കിയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. കുഞ്ഞ് വീണതാണോ എന്ന് ചോദിച്ചിട്ടും ഇയാള്‍ ഒന്നും പറഞ്ഞില്ല. ഇതോടെയാണ് നാട്ടുകാര്‍ക്ക് സംശയം തോന്നി തുടങ്ങിയത്. പിന്നീട് നാട്ടുകാരില്‍ ചിലരാണ് അഖിലയുടെ ആദ്യ ഭര്‍ത്താവായ അഖിലിന്റെ വീട്ടുകാരെ വിവരമറിയിച്ചത്.

അതേസമയം നെടുമങ്ങാട് കുഞ്ഞിന്റെ കൊലപാതം സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. നിയമപരമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടണം. പഴുതുകള്‍ ഇല്ലാത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.