തിരുവനന്തപുരം: കിഫ്ബിക്കെതിരെ അന്വേഷണം ആരംഭിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ പൂട്ടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്യലിനു വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു കാണിച്ച് ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസിനെക്കൊണ്ട് കേസെടുപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് ധനവകുപ്പ് നല്‍കിയ നിര്‍ദേശം മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. പരാതി കിഫ്ബി സിഇഒ ചീഫ് സെക്രട്ടറിക്കും കൈമാറി. മുഖ്യമന്ത്രി സമ്മതം നല്‍കിയാല്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കും.
ധനവകുപ്പില്‍ നിന്നു കിഫ്ബിയിലേയ്ക്ക് ഡപ്യൂട്ടേഷനില്‍ പോയ അഡിഷനല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യലിനിടെ ഇ.ഡി ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം. മസാല ബോണ്ടിറക്കുന്നതിനു മുന്‍പ് ഫണ്ട് മാനേജ്‌മെന്റ് സംബന്ധിച്ചുള്ള പരിശീലനത്തിനായി ലണ്ടനില്‍ പോയ സംഘത്തില്‍ ഇവരുമുണ്ടായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു മുഖ്യമന്ത്രി ഇന്നലെ നല്‍കിയ പരാതിയില്‍ ഇവരെ ചോദ്യം ചെയ്ത കാര്യം പരാമര്‍ശിച്ചിരുന്നെങ്കിലും കൂടുതല്‍ വിശദാശംങ്ങളിലേക്കു കടന്നിരുന്നില്ല. ഇ.ഡിയുടെ ചോദ്യം ചെയ്യലിനു ഹാജരായ ശേഷം ഉദ്യോഗസ്ഥ കിഫ്ബിക്കു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരാതി എഴുതി വാങ്ങി ക്രിമിനല്‍ കേസ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തീരുമാനമെടുക്കും മുന്‍പ് നിയമോപദേശവും തേടും.
ഇഡിയുമായി ഏറ്റുമുട്ടലിലേക്കു സര്‍ക്കാര്‍ നീങ്ങുന്ന സാഹചര്യത്തില്‍ ഈയാഴ്ച നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യലിനു ഹാജരാകേണ്ടെന്നു കിഫ്ബി ഉദ്യോഗസ്ഥര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.