വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ മാധ്യമ പ്രവർത്തനങ്ങൾക്ക് ഇനി ഒരു അൽമായ വനിതയുടെ കരുത്തുള്ള നേതൃത്വം. വത്തിക്കാൻ വാർത്താ വിനിമയ വിഭാഗത്തിന്റെ പ്രീഫെക്ട് സ്ഥാനത്തേക്ക് മരിയ മോണ്ട്സെറാറ്റ് അൽവരാഡോയെ ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ചു. വത്തിക്കാൻ മന്ത്രാലയത്തിന്റെ തലപ്പത്ത് ഒരു സന്ന്യാസിനിയോ വൈദികനോ അല്ലാതെ ഒരു അൽമായ വനിത നിയമിതയാകുന്നത് ചരിത്രത്തിലാദ്യമാണ്. 2026 നവംബർ ഒന്നിന് അൽവരാഡോ ചുമതലയേൽക്കും.
പ്രമുഖ കത്തോലിക്കാ മാധ്യമ ശൃംഖലയായ ഇ.ഡബ്ല്യു.ടി.എൻ ന്യൂസിന്റെ പ്രസിഡന്റും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ അൽവരാഡോ ആഗോള മാധ്യമ രംഗത്തെ പരിചയസമ്പന്നയായ വ്യക്തിത്വമാണ്. ടെലിവിഷൻ, റേഡിയോ, ഡിജിറ്റൽ മാധ്യമങ്ങളിലായി ഏഴ് ഭാഷകളിൽ വാർത്തകൾ എത്തിക്കുന്നതിൽ അവർ വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. 2009 മുതൽ 2023 വരെ 'ബെക്കറ്റ് ഫണ്ട് ഫോർ റിലീജിയസ് ലിബർട്ടി'യിൽ പ്രവർത്തിച്ച അൽവരാഡോ മതസ്വാതന്ത്ര്യത്തിനും മനുഷ്യാന്തസിനും വേണ്ടി നടത്തിയ പോരാട്ടങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.
ഫ്രാൻസിസ് മാർപാപ്പ തുടങ്ങിയ റോമൻ കൂരിയയുടെ നവീകരണ പ്രക്രിയയുടെ ഭാഗമായാണ് ഈ നിയമനം. 2015 ൽ സ്ഥാപിതമായ ഈ മന്ത്രാലയം വത്തിക്കാൻ ന്യൂസ്, വത്തിക്കാൻ റേഡിയോ, ലൊസെർവത്തോറെ റൊമാനോ പത്രം തുടങ്ങിയ സഭയുടെ എല്ലാ മാധ്യമ വിഭാഗങ്ങളെയും നിയന്ത്രിക്കുന്നു. സഭയുടെ അജപാലന ദൗത്യങ്ങളെ മാധ്യമങ്ങളിലൂടെ ലോകമെമ്പാടും എത്തിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഇനി അൽവരാഡോയിൽ നിക്ഷിപ്തമാകുന്നത്.
നിലവിലെ പ്രീഫെക്ട് പൗലോ റുഫീനിയുടെ കാലാവധി പൂർത്തിയാകുന്ന ഒഴിവിലേക്കാണ് അൽവരാഡോയെത്തുന്നത്. 2018 ൽ ഈ സ്ഥാനത്തേക്ക് ആദ്യമായി ഒരു അൽമായനെ നിയമിച്ചുകൊണ്ട് സഭ പുതിയൊരു പരീക്ഷണത്തിന് തുടക്കം കുറിച്ചിരുന്നു, അതിന്റെ തുടർച്ചയാണ് ഇപ്പോൾ ഒരു വനിതയെ ആ സ്ഥാനത്തേക്ക് എത്തിച്ചുകൊണ്ടുള്ള പുതിയ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.