തിരുവനന്തപുരം: കേരളം അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെന്ന് വ്യക്തമാക്കുന്ന ധവളപത്രം പുറത്തുവിട്ട് മുഖ്യമന്ത്രി വി.ഡി സതീശന്‍. 2026 ല്‍ അധികാരമേറ്റ പുതിയ സര്‍ക്കാരിന് മുന്‍പില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തി സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വര്‍ധിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ദൈനംദിന ചെലവുകള്‍ക്കായി ഖജനാവ് പൂര്‍ണമായും ആര്‍ബിഐയുടെ അടിയന്തര വായ്പാ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.
സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ സിംഹഭാഗവും നിശ്ചലമായ ചെലവുകളിലേക്ക് പോകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. 77 ശതമാനം വരുമാനവും ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയ നിര്‍ബന്ധിത ചെലവുകള്‍ക്കായി മാറ്റിവെക്കേണ്ടി വരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി.എ, ഡി.ആര്‍ കുടിശിക ഇനത്തില്‍ മാത്രം പുതിയ സര്‍ക്കാരിന് 48,733 കോടി രൂപയുടെ അധിക ബാധ്യതയാണ് ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളത്.
അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള മൂലധന ചെലവ് ജിഎസ്ഡിപിയുടെ വെറും 1.3 ശതമാനം മാത്രമാണ്. മറ്റ് പ്രധാന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ ശരാശരി 3.01 ശതമാനമായിരിക്കെയാണിത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കടുത്ത ട്രഷറി പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 12 ല്‍ 10 മാസവും ട്രഷറിയില്‍ ബാലന്‍സ് നെഗറ്റീവ് ആയിരുന്നു.
2025 ല്‍ മാത്രം 262 ദിവസം വേയ്‌സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സിനെയും 84 ദിവസം ഓവര്‍ഡ്രാഫ്റ്റിനെയും സര്‍ക്കാരിന് ആശ്രയിക്കേണ്ടി വന്നു. വായ്പാ പരിധി അവസാനിച്ചതിനെത്തുടര്‍ന്ന് കടുത്ത ഓവര്‍ഡ്രാഫ്റ്റ് നിയന്ത്രണങ്ങളിലേക്ക് ട്രഷറി നീങ്ങുകയാണ്. കേന്ദ്ര വിഹിതത്തില്‍ ഉണ്ടായ കുറവും ജിഎസ്ടി നഷ്ടരിഹാരം അവസാനിച്ചതും ഖജനാവിന് കനത്ത ആഘാതമായി. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കാലയളവില്‍ ലഭിച്ചിരുന്ന റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിര്‍ത്തലാക്കിയത് വഴി മാത്രം വരുമാനത്തില്‍ 20000 കോടി രൂപയുടെ കുറവുണ്ടായി.
ബജറ്റിന് പുറത്തുള്ള വായ്പകള്‍ എടുക്കുന്നതിനായി രൂപീകരിച്ച കിഫ്ബി സര്‍ക്കാരിന്റെ നിയന്ത്രണത്തിന് പുറത്തുള്ള ഒരു സമാന്തര ഭരണകൂടമായാണ് പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നിലവില്‍ കിഫ്ബിക്ക് മാത്രം 21,000 കോടി രൂപയുടെ വായ്പാ ബാധ്യതയുണ്ട്. ഇത് സംസ്ഥാനത്തിന്റെ പൊതു കടത്തിന്റെ പരിധിയില്‍ വന്നത് തിരിച്ചടിയായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിനേക്കാള്‍ ഒന്ന് മുതല്‍ 1.5 ശതമാനം വരെ അധികം പലിശയ്ക്കാണ് കിഫ്ബി വായ്പകളെടുത്തത്. നിലവിലുള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ 35,000 കോടി രൂപ കൂടി കിഫ്ബിക്ക് ഇനി ആവശ്യമുണ്ട്. കിഫ്ബി ഫണ്ട് വിതരണത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും ചില ജില്ലകള്‍ക്ക് മാത്രം അമിത പ്രാധാന്യം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.