രണ്ടില തർക്കം: അപ്പീലുമായി ജോസഫും തടസ ഹർജിയുമായി ജോസും സുപ്രീം കോടതിയിൽ

രണ്ടില തർക്കം: അപ്പീലുമായി ജോസഫും തടസ ഹർജിയുമായി ജോസും സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പി ജെ ജോസഫ് വിഭാഗം വീണ്ടും നിയമ പോരാട്ടം ആരംഭിച്ചു. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച ഉത്തരവ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയെയാണ് ജോസഫ് വിഭാഗം സമീപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഹര്‍ജി അദ്ദേഹം കോടതിയില്‍ ഫയല്‍ ചെയ്‌തു.

ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണം എന്നും ജോസഫ് വിഭാഗം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്‌ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജോസഫ് വിഭാഗം നേതാവ് പി സി കുര്യാക്കോസ് ആണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ് ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തിക്കാനുളള ശ്രമം ജോസഫ് വിഭാഗം ആരംഭിച്ചിട്ടുണ്ട്. അതേസമയം ജോസഫ് വിഭാഗത്തിന് വേണ്ടി ഭരണഘടന വിദഗ്ദ്ധരായ സീനിയര്‍ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ഹാജരാകും.

എന്നാൽ ജോസഫ് വിഭാഗത്തിന്റെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുൻപ് തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണിയും സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്‌തു. കഴിഞ്ഞ തവണ ജോസ് കെ മാണി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സീനിയര്‍ അഭിഭാഷകന്‍ കൃഷ്‌ണന്‍ വേണുഗോപലിനോട് ചര്‍ച്ച നടത്തിയിരുന്നു. തടസ ഹര്‍ജിയില്‍ ജോസ് വിഭാഗത്തിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന്റെ മകന്‍ കൃഷ്‌ണന്‍ വേണുഗോപാല്‍ ഹാജരാകുമെന്നാണ് വിവരം.

ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്താല്‍ ജോസ് കെ മാണി വിഭാഗത്തിലെ സ്ഥാനാര്‍ത്ഥികള്‍ രണ്ടില ചിഹ്നത്തില്‍ മത്സരിക്കുന്നത് തടയാന്‍ കഴിയും. ഇതു മുന്‍കൂട്ടി കണ്ടാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.