'ലഹരി നിര്‍മാര്‍ജന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ'; വിവിധ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി കെസിബിസി

'ലഹരി നിര്‍മാര്‍ജന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ'; വിവിധ വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി കെസിബിസി

കൊച്ചി: പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടനെ തന്നെ ലഹരി നിര്‍മാര്‍ജനം ലക്ഷ്യമിട്ട് ഓപ്പറേഷന്‍ തൂഫാന്‍ പ്രഖ്യാപിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് കെസിബിസി. ഈ പദ്ധതിക്കും തുടര്‍ നീക്കങ്ങള്‍ക്കും കേരളത്തിലെ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പൂര്‍ണ സഹകരണം സര്‍ക്കാരിന് ഉറപ്പു നല്‍കുന്നതായും കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളന ശേഷം പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.

ജൂണ്‍ രണ്ട്, മൂന്ന്, നാല് തിയതികളിലായി സഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പി.ഒ.സിയില്‍ നടന്ന സമ്മേളനത്തില്‍ കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ സിറോ മലബാര്‍, സിറോ മലങ്കര, ലത്തീന്‍ രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുത്തു.

ലിയോ പതിനാലാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച ഫ്രാന്‍സിസ്‌കന്‍ വര്‍ഷാചരണത്തിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് ഒത്തുചേര്‍ന്ന മെത്രാന്മാര്‍ സാമൂഹികവും സഭാപരവുമായ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

പുതിയ സംസ്ഥാന ഭരണകൂടത്തിന് അനുമോദനങ്ങള്‍

ഉജ്ജ്വലമായ വിജയം നേടി അധികാരത്തിലേറിയ യു.ഡി.എഫ് സര്‍ക്കാരിന് കെസിബിസി അനുമോദനങ്ങളും ആശംസകളും അര്‍പ്പിച്ചു. മുഖ്യമന്ത്രി വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് ആരംഭിച്ചതുള്‍ പ്പെടെയുള്ള മന്ത്രിസഭയുടെ ആദ്യ നീക്കങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.

വയനാട്-വിലങ്ങാട് പുനരധിവാസം

കെസിബിസിയുടെ വയനാട്-വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ എണ്‍പത് ഭവനങ്ങള്‍ വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി പൂര്‍ത്തിയാക്കാനായത് അഭിമാനകരമാണ്. നൂറ്റെണ്‍പത് ഭവനങ്ങള്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്.

ഈ വലിയ പദ്ധതിയ്ക്ക് കരുത്തു പകര്‍ന്ന കേരളത്തിന് അകത്തും പുറത്തുമുള്ള രൂപതകള്‍, സന്യാസ സമൂഹങ്ങള്‍, സംഘടനകള്‍, നിരവധി സുമനസുകള്‍ തുടങ്ങി എല്ലാവര്‍ക്കും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഹൃദയപൂര്‍വ്വം നന്ദി അര്‍പ്പിക്കുന്നു.

ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട്

കേരളത്തിലെ ക്രൈസ്തവ സമൂഹം വലിയ പ്രതീക്ഷയോടെ കണ്ട ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഗൗരവകരമായ നടപടികള്‍ ഇനിയും സ്വീകരിക്കപ്പെട്ടിട്ടില്ലെങ്കിലും പുതിയ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മക സമീപനം സ്വീകരിക്കുമെന്ന് കെസിബിസി പ്രത്യാശ രേഖപ്പെടുത്തി.

ക്രൈസ്തവ സമൂഹത്തിന് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പരിശ്രമങ്ങള്‍ അടിയന്തരമായി ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

മുനമ്പം ജനതയ്ക്ക് നീതി ലഭിക്കണം

മുനമ്പം ജനതയുടെ ഭൂസ്വത്തിന് മേലുള്ള റവന്യൂ അവകാശങ്ങള്‍ പുനസ്ഥാപിച്ചു കിട്ടുന്നതിനായുള്ള പോരാട്ടങ്ങള്‍ക്ക് കെസിബിസി സര്‍വ്വാത്മനാ പിന്തുണ അറിയിക്കുന്നു. പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിച്ച് ആ ജനതയ്ക്ക് നീതി നടത്തിക്കൊടുക്കുമെന്ന വാഗ്ദാനം പുതിയ സര്‍ക്കാര്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആശുപത്രികളിലെ സമരങ്ങളും പ്രതിസന്ധികളും

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മിനിമം വേതന നിരക്കിനെക്കാള്‍ കൂടിയ വേതനം നല്‍കുന്ന കത്തോലിക്കാ ആശുപത്രികളില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടു കൊണ്ടുള്ള സമരങ്ങള്‍ പതിവായിരിക്കുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബ്ബലപ്പെടുത്താനുള്ള നീക്കമായേ വിലയിരുത്താനാവൂ. സമരത്തിന് നേതൃത്വം നല്‍കുന്ന സംഘടന ആവശ്യപ്പെടുന്ന വിധത്തിലുള്ള ശമ്പള പരിഷ്‌കരണം ചികിത്സാ ചെലവ് സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിധത്തില്‍ വര്‍ധിക്കാനും ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ നിലയ്ക്കാനും കാരണമാകും.

സര്‍ക്കാരിന്റെ സഹായമില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം ആശുപത്രികളെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇവ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ ഘട്ടത്തില്‍ 2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ശമ്പള പരിഷ്‌കരണത്തിന്റെ കരട് രേഖയില്‍ ലഭിച്ച നിര്‍ദേശങ്ങള്‍ പരിഗണിച്ചുള്ള അന്തിമ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അതുവഴി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കെസിബിസി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

കഴിഞ്ഞ നാളുകളില്‍ കണ്ടതുപോലെ, ചില ആശുപത്രികള്‍ കേന്ദ്രീകരിച്ച് മിന്നല്‍ പണിമുടക്കുകള്‍ ഉണ്ടാവുകയും നൂറുകണക്കിന് രോഗികള്‍ പ്രതിസന്ധിയിലാകുകയും ചെയ്യുന്ന സാഹചര്യം വീണ്ടും ഉടലെടുക്കാതിരിക്കാന്‍ ആവശ്യമായ കര്‍ശന നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണം.

വന്യമൃഗ ശല്യം

പുതിയ വനം മന്ത്രിയുടെ ആരംഭഘട്ട സമീപനങ്ങള്‍ വന-മലയോര മേഖലകളില്‍ ജീവിക്കുന്ന സാധാരണ ക്കാര്‍ക്ക് ആശ്വാസം പകരുന്നവയാണ്. വന്യമൃഗ ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, ജനങ്ങളുടെ പക്ഷത്തു നിന്ന് തീരുമാനങ്ങളെടുക്കാനും നിലപാടുകള്‍ സ്വീകരി ക്കാനും വനം വകുപ്പ് തയ്യാറാകണം.

മനുഷ്യജീവനും സ്വത്തിനും പ്രാഥമിക പരിഗണന നല്‍കി വനം വന്യജീവി സംരക്ഷണ നിയമത്തില്‍ ഉചിതമായ പരിഷ്‌കരണങ്ങള്‍ വരുത്തണം. വന സംബന്ധമായ പ്രതിസന്ധികള്‍ മൂലം ജീവിതം വഴിമുട്ടിയിരിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ പ്രതിസന്ധി സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണനയ്‌ക്കെടുക്കണമെന്ന് കെസിബിസി അഭ്യര്‍ത്ഥിച്ചു.

തീരദേശം, മല്‍സ്യത്തൊഴിലാളികള്‍

ഓരോ വര്‍ഷകാലം വരുമ്പോഴും ദാരിദ്ര്യത്തിലും ദുരിതങ്ങളിലും അകപ്പെടുന്ന തീരദേശ, മല്‍സ്യ തൊഴിലാളി കുടുംബങ്ങളുടെ അതിജീവന പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാകണം. തീരശോഷണവും കടലാ ക്രമണവും വര്‍ധിക്കുന്നതിന് അനുസരിച്ച് ഇത്തരം പതിനായിരക്കണക്കിന് കുടുംബങ്ങള്‍ കൂടുതല്‍ പ്രതിസന്ധികളിലേക്കാണ് നിപതിച്ചുകൊണ്ടിരിക്കുന്നത്. ആ ജനതയുടെ സാമ്പത്തികവും ഭൗതികവുമായ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ അടിയന്തരമായി കൈക്കൊള്ളണം.

മലയോര പ്രദേശങ്ങളും കര്‍ഷകരും

മലയോര പ്രദേശങ്ങളില്‍ ജീവിക്കുന്ന ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ അതീവ ശ്രദ്ധ അര്‍ഹിക്കുന്ന ഒന്നാണ്. വാസ്തവത്തില്‍, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരിക്കേണ്ട കാര്‍ഷിക മേഖല അത്യന്തം ഗുരുതരമായ അതിജീവന പ്രതിസന്ധി നേരിടുന്നു.

കര്‍ഷകരും കൃഷിയും നേരിടുന്ന പ്രതിസന്ധികള്‍ ആഴത്തില്‍ പഠിച്ച്, കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് ഉതകുന്ന പദ്ധതികള്‍ തയ്യാറാക്കാനും നടപ്പില്‍ വരുത്താനും പുതിയ സര്‍ക്കാര്‍ തയ്യാറാകണം. കാര്‍ഷിക മേഖലകളില്‍ വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന ഭീഷണികള്‍, വന്യമൃഗ ശല്യം, മലയോര മേഖലകളില്‍ അവശ്യ നിര്‍മിതികള്‍ക്ക് പോലും നിയമതടസങ്ങള്‍ ഉണ്ടാകുന്നത് തുടങ്ങിയ പ്രതിസന്ധികളില്‍ ഗൗരവപൂര്‍ണമായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.