ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ അധികാരം നഷ്ടമായതോടെ പ്രതിസന്ധി വിട്ടൊഴിയാതെ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. പുറത്താക്കിയ വിമത എംഎല്‍എ ഋതബ്രത ബാനര്‍ജി പാര്‍ട്ടി പിളര്‍ത്തി ബംഗാള്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവായതിന് പിന്നാലെ പിന്നാലെ ഇരുപുതോളം എംപിമാര്‍ പാര്‍ട്ടിവിട്ട് ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കും എന്നാണ് സൂചന.
ഏറ്റവും ഉയര്‍ന്ന തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എംപിമാര്‍ തങ്ങളുടെ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ 60 എംഎല്‍എമാര്‍ ഇതിനകം തന്നെ ഋതബ്രത ബാനര്‍ജിക്കൊപ്പമാണ്. പാര്‍ട്ടിക്കുള്ളിലെ അഴിമതിയും ഭരണപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മമതയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
ഈ കൊഴിഞ്ഞുപോക്ക് ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനും പ്രതിപക്ഷ സഖ്യത്തിനും വലിയ തിരിച്ചടിയാകും. നിലവില്‍ പാര്‍ട്ടിയുടെ പേരും ചിഹ്നവും നിലനിര്‍ത്താനുള്ള കഠിനമായ പോരാട്ടത്തിലാണ് മമത ബാനര്‍ജി. പാര്‍ലമെന്റിന്റെ ഇരുസഭകളിലുമായി തൃണമൂല്‍ കോണ്‍ഗ്രസിന് ആകെ 41 എംപിമാരാണുള്ളത്, 28 പേര്‍ ലോക്സഭയിലും 13 പേര്‍ രാജ്യസഭയിലും.
എംപിമാരുടെ ചുവടു മാറ്റമുണ്ടായാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ കലാപം നേരിടുന്ന മമതയ്ക്ക് ഇത് വലിയൊരു തിരിച്ചടിയാകും. പാര്‍ലമെന്ററി ഗ്രൂപ്പില്‍ ഒരു പിളര്‍പ്പുണ്ടായാല്‍ അത് മമതയ്ക്ക് വലിയ പ്രഹരമായി മാറും. പ്രതിപക്ഷ പാര്‍ട്ടികളിലെ രണ്ടാമത്തെ വലിയ ഗ്രൂപ്പായ തൃണമൂലിലെ വിള്ളല്‍ പാര്‍ട്ടിയുടെയും പ്രതിപക്ഷത്തിന്റെയും കരുത്തിനെ പാര്‍ലമെന്റില്‍ സാരമായി ബാധിക്കും.
ബിജെപിക്ക് ലോക്‌സഭയില്‍ നിലവില്‍ 240 എംപിമാരാണ് ഉള്ളത്. തൃണമൂലിന്റെ 20 എംപിമാര്‍ ചേരുകയാണെങ്കില്‍ ബിജെപിക്ക് 260 എംപിമാരാകും. ലോക്‌സഭയില്‍ ബില്ലുകളും മറ്റും പാസാക്കുന്നതിന് 272 എംപിമാരുടെ പിന്തുണയാണ് പാര്‍ട്ടിക്ക് തനിച്ചു വേണ്ടത്.
അതുകൊണ്ടുതന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്‍ഡിഎ ഘടക കക്ഷികളുടെ പിന്തുണ കൂടി ബിജെപിക്ക് ആവശ്യമാണ്. തൃണമൂല്‍ എംപിമാര്‍ കൂടി ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ ഭരണകക്ഷിക്ക് കൂടുതല്‍ അംഗബലം ലഭിക്കും. തനിച്ചുള്ള ഭൂരിപക്ഷത്തിന് പിന്നീട് 12 എംപിമാരുടെ കുറവ് മാത്രമാണുള്ളത്.
അതുപോലെ, രാജ്യസഭയില്‍ മൊത്തം 245 സീറ്റുകളില്‍ 113 അംഗങ്ങളാണ് ബിജെപിക്കുള്ളത്. അതുകൊണ്ടുതന്നെ 13 തൃണമൂല്‍ എംപിമാരുടെ കടന്നുവരവ് രാജ്യസഭയില്‍ വലിയ ചലനം സൃഷ്ടിച്ചേക്കില്ല. രാജ്യസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെങ്കില്‍ 164 അംഗങ്ങളെങ്കിലും വേണം.
ബംഗാളിലെ തൃണമൂല്‍ നിയമസഭാ കക്ഷി ഇതിനകം തന്നെ രണ്ടായി പിളര്‍ന്നിട്ടുണ്ട്. ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള 60 എംഎല്‍എമാരുടെ വിമതവിഭാഗം തങ്ങളാണ് 'യഥാര്‍ത്ഥ' തൃണമൂല്‍ എന്ന് അവകാശപ്പെട്ടാണ് കഴിഞ്ഞ ദിവസം മുന്നോട്ടു വന്നത്. നിയമസഭാ സ്പീക്കറുടെ അംഗീകാരത്തോടെ ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവായി നിയമിക്കുകയും ചെയ്തു.
മമത ബാനര്‍ജിക്കെതിരെ പരസ്യമായി കലാപം നടത്തിയ ഈ വിഭാഗം, നിയമസഭയില്‍ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള മമതയുടെ തീരുമാനത്തെയാണ് വെല്ലുവിളിച്ചത്. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ പാര്‍ട്ടിയില്‍ അസ്വസ്ഥതകള്‍ പുകയുന്നുണ്ടായിരുന്നു. അഴിമതി, ആര്‍ജി കര്‍ ബലാത്സംഗ-കൊലപാതക കേസ് കൈകാര്യം ചെയ്ത രീതി തുടങ്ങിയ വിഷയങ്ങളില്‍ പല നേതാക്കളും പാര്‍ട്ടിയെ വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി സുവേന്ദു അധികാരി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പലരും പങ്കെടുത്തിരുന്നു. വരും ദിവസങ്ങളില്‍ ലോക്സഭയിലും രാജ്യസഭയിലും കൂടുതല്‍ പിളര്‍പ്പുകള്‍ ഉണ്ടായേക്കാമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.