ക്വെലിമാനെ: മൊസാംബിക്കിലെ ക്വെലിമാനെ കത്തോലിക്കാ രൂപതയുടെ ബിഷപ്പ് ഓസോറിയോ സിറ്റോറ അഫോൻസോയെ (54) വസതിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ജൂൺ ആറിന് പുലർച്ചെയുണ്ടായ ആക്രമണത്തിൽ നെഞ്ചിൽ വെടിയേറ്റ അദേഹം സംഭവസ്ഥലത്തു വെച്ചുതന്നെ മരണപ്പെടുകയായിരുന്നു.
അജ്ഞാതരായ അക്രമികൾ വസതിയിൽ അതിക്രമിച്ചു കയറിയാണ് കൃത്യം നടത്തിയതെന്ന് സാംബേസിയ പ്രവിശ്യയിലെ നാഷണൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സർവീസ് സ്ഥിരീകരിച്ചു. ബിഷപ്പിന്റെ മരണം അസാധാരണമായ സാഹചര്യത്തിലാണെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
അക്രമികളെ കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കിയതായി നാഷണൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സർവീസ് വക്താവ് മാക്സിമിനോ അമിൽകർ വ്യക്തമാക്കി. എപ്പിസ്കോപ്പൽ കോൺഫറൻസ് ഓഫ് മൊസാംബിക് പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഇനാസിയോ സൗറെയും സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ദുഷ്കരമായ ഘട്ടത്തിൽ വിശ്വാസികൾ ശാന്തത പാലിക്കണമെന്ന് അദേഹം ആഹ്വാനം ചെയ്തു.
മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിൽ വർധിച്ചു വരുന്ന ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്ന വ്യക്തിയായിരുന്നു ബിഷപ്പ് അഫോൻസോ. ഈ പ്രവിശ്യയിലെ അക്രമങ്ങൾ നിയന്ത്രണാതീതമാണെന്നും നിരപരാധികളായ മനുഷ്യർ വേട്ടയാടപ്പെടുകയാണെന്നും ബിഷപ്പ് അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. അക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് മെയ് 23 ന് നടത്തിയ പ്രസംഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
2002 ൽ വൈദികനായി അഭിഷിക്തനായ ഓസോറിയോ സിറ്റോറ വിവിധ കാലയളവുകളിൽ കോംഗോയിലും വത്തിക്കാനിലും നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. 2024 ജനുവരിയിൽ ബിഷപ്പായി അഭിഷിക്തനായ അദേഹം 2025 ജൂലൈയിലാണ് ക്വെലിമാനെ രൂപതയുടെ ബിഷപ്പായി ചുമതലയേൽക്കുന്നത്. സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും വക്താവായിരുന്ന ബിഷപ്പിന്റെ വിയോഗം മൊസാംബിക്കൻ സമൂഹത്തിന് തീരാനഷ്ടമാണെന്ന് പ്രസിഡന്റ് ഡാനിയൽ ചാപ്പോ അനുശോചന സന്ദേശത്തിൽ കുറിച്ചു.
ക്വെലിമാനെയിലെ ഔർ ലേഡി ഓഫ് ഡെലിവറൻസ് കത്തീഡ്രലിൽ ബിഷപ്പിന്റെ ആത്മശാന്തിക്കായി പ്രാർത്ഥനകൾ നടന്നു. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ ലഭ്യമാകുമെന്ന് രൂപത അധികൃതർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.