കേരളത്തില്‍ കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം അര്‍ധരാത്രി മുതല്‍

കേരളത്തില്‍ കനത്ത മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം അര്‍ധരാത്രി മുതല്‍

കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വടക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി അവധി നല്‍കിയിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ മൂന്ന് ജില്ലകളിലും അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് നടപടി. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പിഎസ്‌സി പരീക്ഷകള്‍, അഭിമുഖങ്ങള്‍ എന്നിവയ്ക്ക് മാറ്റമുണ്ടായിരിക്കില്ല. കൂടാതെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് ഈ അവധി ബാധകമായിരിക്കില്ല.

കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതിനകം തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴ ശക്തമാകുന്നതിനൊപ്പം സംസ്ഥാന തീരങ്ങളില്‍ ഏര്‍പ്പെടുത്താറുള്ള മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. മത്സ്യസമ്പത്തിന്റെ പ്രജനനകാലം കണക്കിലെടുത്ത് ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യന്ത്രവത്കൃത ബോട്ടുകള്‍ കടലില്‍ പോയി മീന്‍ പിടിക്കുന്നതിന് പൂര്‍ണ വിലക്കുണ്ടാകും. രണ്ട് വള്ളങ്ങള്‍ ചേര്‍ന്ന് നടത്തുന്ന പെയര്‍ ട്രോളിങ് രീതിയും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. നിരോധന കാലയളവില്‍ ഹാര്‍ബറുകളിലെ ഡീസല്‍ ബങ്കുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കും. കൂടാതെ അന്യസംസ്ഥാന ബോട്ടുകള്‍ക്ക് കേരള തീരങ്ങളില്‍ പ്രവേശിക്കുന്നതിന് അനുമതിയുണ്ടാവില്ല.

അതേസമയം ഈ നിരോധനം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ബാധകമല്ല. ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് തീരത്തുനിന്ന് 12 നോട്ടിക്കല്‍ മൈല്‍ പരിധി വരെ മത്സ്യബന്ധനം തുടരാവുന്നതാണ്.

നിയമലംഘനങ്ങള്‍ തടയുന്നതിനായി ഫിഷറീസ് വകുപ്പ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പൊലീസ് എന്നിവരുടെ നേതൃത്വത്തില്‍ കടലില്‍ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.