കൊച്ചി: തന്നോടൊന്നും ആലോചിക്കാതെയാണ് കോണ്‍ഗ്രസില്‍ എല്ലാ കാര്യങ്ങളും നടക്കുന്നതെന്നും പത്തംഗ സമിതി വെറുതെയാണെന്നും മുന്‍ കെപിസിസി പ്രസിഡന്റും വടകര എംപിയുമായ കെ.മുരളീധരന്‍. രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിര്‍ദേശമുണ്ടെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആഴത്തില്‍ വേരോടിയ ഗ്രൂപ്പ് കളി ഇക്കുറിയും നടക്കുന്നുണ്ടെന്ന സൂചനയാണ് ഇതോടെ ലഭിക്കുന്നത്.
താന്‍ മത്സരിക്കില്ല എന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മുരളീധരന്‍. എന്നാല്‍ വയനാട് ജില്ലയിലെ അടക്കം സംഘടനാ രംഗത്തെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അദ്ദേഹം രംഗത്തിറങ്ങിയിട്ടുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പരാജയമാണെന്ന് മുരളീധരന്‍ തുറന്നടിക്കുന്നു. വേണ്ടത്ര കൂടിയാലോചനകളൊന്നും നടന്നിട്ടില്ല.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പത്തംഗം സമിതിയുണ്ടെങ്കിലും മൂന്നംഗ സമിതിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഒരുകാര്യവും ആരോടും ഇവര്‍ പങ്കുവെക്കുന്നില്ല. അനുകൂലമായ സാഹചര്യം കളഞ്ഞ് കുളിക്കരുതെന്നാണ് പാര്‍ട്ടി നേതൃത്വത്തോട് തനിക്ക് പറയാനുള്ളതെന്നും മുരളീധരന്‍ വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയെ അധ്യക്ഷനാക്കി ഹൈക്കമാന്‍ഡാണ് പത്തംഗ സമിതിയെ നിയമിച്ചത്. കെ മുരളീധരനും സുധാകരനുമൊക്കെ ഈ സമിതിയിലുണ്ട്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മാത്രം ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്ന നിലയിലാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നതെന്ന സൂചനയാണ് മുരളീധരന്‍ നല്‍കിയത്.
പല ജില്ലകളിലും ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കാനാവാത്തത് തിരഞ്ഞെടുപ്പ് സമിതിയുടെ പരാജയം കൊണ്ടാണ്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്നത് സംബന്ധിച്ചോ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടോ താനുമായി പാര്‍ട്ടി നേതൃത്വം യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഞാനങ്ങോട്ട് അഭിപ്രായം പറയാനും പോയില്ല. ബന്ധപ്പെടുമ്പോള്‍ മാത്രം അക്കാര്യം നോക്കാം. വട്ടിയൂര്‍ക്കാവില്‍ ആരെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും അവിടെ പ്രചാരണത്തിന് പോകും. ഏഴിന് ഡല്‍ഹിക്ക് പോകും. തിരിച്ചുവരവ് സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ കൊടുത്ത ശേഷമേ ഉണ്ടാവൂ.
ആര്‍എംപിയുമായി ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. വടകരയില്‍ അവര്‍ ഒപ്പം വേണം. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ താനുമായി സംസാരിച്ചിരുന്നു. ആര്‍എംപിയുമായി സഖ്യമുള്ളത് കൊണ്ടാണല്ലോ മൂന്ന് പഞ്ചായത്തുകളില്‍ ഭരിക്കുന്നത്. കുറ്റ്യാടി, നാദാപുരം, എന്നിവിടങ്ങളില്‍ ആര്‍എംപിയുടെ സ്വാധീനം ഉറപ്പായും ഉണ്ടാവും. എല്ലായിടത്തും കോണ്‍ഗ്രസിന് മത്സരിക്കാന്‍ സാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി നീരസത്തിലാണെങ്കിലും വയനാട്ടിലെ സംഘടനാ പ്രശ്‌നങ്ങളില്‍ മുരളീധരന്‍ സജീവമായി ഇടപെടുന്നത് മറ്റുചില ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമുള്‍പ്പെടുന്ന വയനാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല അദ്ദേഹത്തിനാണ്. വയനാട്ടിലെ സംഘടനാ പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിച്ചാല്‍ രാഹുലിന്റെ ഗുഡ് ലിസ്റ്റില്‍ കയറിപ്പറ്റാം. അത് കെ.സുധാകരനെ വെട്ടി കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള വഴി എളുപ്പമാക്കുമെന്നും മുരളീധരന്‍ കരുതുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.