നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയിലെ 'രക്ഷാ പ്രവര്‍ത്തനം; അഞ്ച് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം

നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയിലെ 'രക്ഷാ പ്രവര്‍ത്തനം; അഞ്ച് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യം.

പ്രതികളായ അഞ്ച് പേര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കേസില്‍ പ്രതികളായ അനില്‍ കല്ലിയൂര്‍, സന്ദീപ് എസ്, വിപിന്‍, അരുണ്‍, ഷൈജു എന്നിവര്‍ക്കാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കേസ് അന്വേഷിക്കുന്ന എസ്‌ഐടിക്കെതിരെയും പ്രൊസിക്യൂഷനെതിരെയും കോടതി കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. പ്രതികള്‍ക്കെതിരെ വധശ്രമക്കുറ്റം (വകുപ്പ് 308) ചുമത്തിയ എസ്‌ഐടി നടപടിയെ കോടതി ശക്തമായി ചോദ്യം ചെയ്തു. തല ലക്ഷ്യം വച്ചാണ് ഗണ്‍മാന്‍മാര്‍ മര്‍ദിച്ചതെന്ന് എങ്ങനെ ഉറപ്പിച്ചു പറയാനാകുമെന്ന് കോടതി ചോദിച്ചു.

പ്രതിഷേധക്കാര്‍ കുനിഞ്ഞതുകൊണ്ടല്ലേ അത്തരത്തില്‍ അടിയേറ്റത് എന്ന് ചോദിച്ച കോടതി പെട്ടെന്നുണ്ടായ ഒരു പ്രതികരണമല്ലേ അവിടെ നടന്നതെന്നും ആരാഞ്ഞു. അതേസമയം ഇത്തരം ഒരു പ്രതിഷേധം ഉണ്ടാകുമെന്ന് ഗണ്‍മാന്‍മാര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നോ എന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നോ എന്നും കോടതി ചോദിച്ചു.

പൊലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ കോടതി പലതവണ ആവര്‍ത്തിച്ചു കണ്ടു. എന്നാല്‍ ഈ ദൃശ്യങ്ങള്‍ക്ക് വ്യക്തതക്കുറവുണ്ടെന്നും തലയ്ക്കടിക്കുന്നതോ വാഹനത്തില്‍ നിന്ന് ഗണ്‍മാന്‍മാര്‍ ഇറങ്ങുന്നതോ വ്യക്തമായി കാണാനില്ലെന്നും കോടതി നിരീക്ഷിച്ചു.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വെച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാരായ അനില്‍ കുമാറും സന്ദീപ് എസും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. 2023 ഡിസംബറിലാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ നിന്നിറങ്ങിവന്നാണ് ഗണ്‍മാന്‍മാര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിച്ചത്.

മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് ഗണ്‍മാന്‍മാര്‍ ചെയ്തതെന്നും അതൊരു 'രക്ഷാപ്രവര്‍ത്തന'മാണെന്നും പറഞ്ഞ് മുഖ്യമന്ത്രി ഗണ്‍മാന്‍മാരുടെ നടപടിയെ ന്യായീകരിക്കുകയാണുണ്ടായത്. ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ പ്രതിഷേധമുയര്‍ത്തി. പൊലീസ് നടപടിയെടുക്കാതിരുന്നതിനെ തുടര്‍ന്ന് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരമാണ് ഗണ്‍മാന്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.