'അന്നം വിളയിക്കുന്ന കൈകള്‍ ഭിക്ഷ യാചിക്കരുത്'; കര്‍ഷക പെന്‍ഷന്‍ ഔദാര്യമല്ല, അവകാശമാണെന്ന് ഫാ. ഫിലിപ്പ് കവിയില്‍

'അന്നം വിളയിക്കുന്ന കൈകള്‍ ഭിക്ഷ യാചിക്കരുത്'; കര്‍ഷക പെന്‍ഷന്‍ ഔദാര്യമല്ല, അവകാശമാണെന്ന് ഫാ. ഫിലിപ്പ് കവിയില്‍

കൊച്ചി: ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ സമ്പത്ത് ബാങ്കുകളിലോ ബഹുനില കെട്ടിടങ്ങളിലോ അല്ല, മറിച്ച് മണ്ണില്‍ വിയര്‍പ്പൊഴുക്കി അന്നം വിളയിക്കുന്ന കര്‍ഷകരുടെ കൈകളിലാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍. ജനങ്ങളുടെ വിശപ്പകറ്റുന്ന കൈകള്‍ ഇന്ന് ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും കര്‍ഷക പെന്‍ഷന്‍ എന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല, അവരുടെ അവകാശമാണെന്നും അദേഹം ഓര്‍മ്മിപ്പിച്ചു.

അനേകായിരം കര്‍ഷകര്‍ ചേറില്‍ കാലുകുത്തുന്നതുകൊണ്ടാണ് 145 കോടിയോളം മനുഷ്യര്‍ ചോറില്‍ വിരലുകുത്തി വിശപ്പടക്കുന്നത്. ആ യാഥാര്‍ത്ഥ്യം മറക്കുന്ന ഒരു സമൂഹം സ്വന്തം ഭാവിയാണ് തകര്‍ക്കുന്നത്. കര്‍ഷകന് കരുണയല്ല നീതിയാണ് വേണ്ടതെന്നും ഫാ. ഫിലിപ്പ് കവിയില്‍ ഓര്‍മ്മിപ്പിച്ചു.

കേരള സര്‍ക്കാര്‍ വരാനിരിക്കുന്ന ബജറ്റില്‍ പരിഗണിക്കേണ്ട പത്തിന കര്‍ഷക ക്ഷേമ നിര്‍ദേശങ്ങളും സംഘടന മുന്നോട്ടുവെച്ചു. കേരളത്തിലെ കര്‍ഷകര്‍ ഇന്ന് വെറും കൃഷിയല്ല, മറിച്ച് അതിജീവനത്തിനായുള്ള യുദ്ധമാണ് നടത്തുന്നത്. പ്രകൃതിയോടും വന്യജീവികളോടും മല്ലിട്ട്, കടബാധ്യതകളുടെ ഭാരം ചുമന്ന്, വിപണിയിലെ വിലത്തകര്‍ച്ചയെ നേരിട്ടാണ് ഓരോ കര്‍ഷകനും മുന്നോട്ടുപോകുന്നത്. മികച്ച കര്‍ഷകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കര്‍ഷകന്‍ പോലും കടബാധ്യത മൂലം ആത്മഹത്യ ചെയ്യേണ്ടി വന്നത് നമ്മുടെ കാര്‍ഷിക മേഖലയിലെ നയപരമായ അനാസ്ഥയുടെ പ്രതീകമാണെന്നും അദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ കര്‍ഷകരുടെ സുരക്ഷിതമായ വാര്‍ധക്യവും മാന്യമായ ജീവിതവും ഉറപ്പാക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന നിര്‍ദേശങ്ങള്‍ ചുവടെ:

മാന്യമായ കര്‍ഷക പെന്‍ഷന്‍ പദ്ധതി: സംസ്ഥാനത്തെ എല്ലാ ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കും ജീവിതച്ചെലവിന് അനുസരിച്ച് കാലാകാലങ്ങളില്‍ വര്‍ധിപ്പിക്കുന്ന പ്രതിമാസ പെന്‍ഷന്‍ ഉറപ്പാക്കുക.

നിയമപരമായ താങ്ങുവില: റബര്‍, തേങ്ങ, കുരുമുളക്, ഏലം, കാപ്പി, നെല്ല് തുടങ്ങിയ പ്രധാന വിളകള്‍ക്ക് ഉല്‍പ്പാദനച്ചെലവിനേക്കാള്‍ കൂടിയ താങ്ങുവില നിയമപരമായി ഉറപ്പാക്കുക.

വന്യജീവി ആക്രമണ പ്രതിരോധ മിഷന്‍: സോളാര്‍ വേലികള്‍, സ്മാര്‍ട്ട് ഫെന്‍സിങ് എന്നിവയ്ക്കായി പ്രത്യേക തുക വകയിരുത്തുകയും വിള നാശത്തിന് അടിയന്തര നഷ്ടപരിഹാരം നല്‍കുകയും ചെയ്യുക.

കാലാവസ്ഥാ ദുരന്ത നഷ്ടപരിഹാര നിധി: പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് വേഗത്തില്‍ സഹായം ലഭ്യമാക്കാന്‍ പ്രത്യേക നിധി രൂപീകരിക്കുക.

സമഗ്ര കാര്‍ഷിക ഇന്‍ഷുറന്‍സ്: വിളനാശം, വിലത്തകര്‍ച്ച, വന്യജീവി ആക്രമണം എന്നിവയ്ക്കെല്ലാം പരിഹാരം കാണുന്ന സമഗ്ര ഇന്‍ഷുറന്‍സ് സംവിധാനം നടപ്പാക്കുക.

യുവകര്‍ഷക പ്രോത്സാഹന പദ്ധതി: കാര്‍ഷിക മേഖലയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ പലിശരഹിത വായ്പയും സ്റ്റാര്‍ട്ടപ്പ് ഗ്രാന്റും സാങ്കേതിക പരിശീലനവും നല്‍കുക.

കാര്‍ഷിക കടാശ്വാസ കമ്മീഷന്‍: പ്രതിസന്ധിയിലായ കര്‍ഷകരുടെ കടബാധ്യത പുനക്രമീകരിക്കാനും കര്‍ഷക ആത്മഹത്യകള്‍ തടയാനും സ്ഥിരം കമ്മീഷന്‍ രൂപീകരിക്കുക.

കാര്‍ഷിക ആരോഗ്യ സുരക്ഷ: എല്ലാ കര്‍ഷകര്‍ക്കും സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സും വാര്‍ഷിക ആരോഗ്യ പരിശോധനയും ഉറപ്പാക്കുക.

സംഭരണ-വിപണന ശൃംഖല: ഓരോ ജില്ലയിലും ഗവണ്മെന്റിന്റെ നേതൃത്വത്തില്‍ ആധുനിക സംഭരണ കേന്ദ്രങ്ങളും ശീതീകരണ സംവിധാനങ്ങളും വിപണന ഹബ്ബുകളും സ്ഥാപിക്കുക.

പ്രത്യേക കര്‍ഷക ക്ഷേമ ബജറ്റ്: സംസ്ഥാന ബജറ്റില്‍ കര്‍ഷകര്‍ക്കായി പ്രത്യേക ഉപബജറ്റ് അവതരിപ്പിച്ച് വകയിരുത്തലുകളും ചെലവുകളും സുതാര്യമാക്കുക.

ഒരു സമൂഹത്തിന്റെ മഹത്വം അളക്കുന്നത് അതിന്റെ ഏറ്റവും ദുര്‍ബലരായ പൗരന്മാരെ എങ്ങനെ പരിഗണിക്കുന്നു എന്നതിലൂടെയാണ്. കേരളത്തിന്റെ കാര്യത്തില്‍ അത് കര്‍ഷകരെ എങ്ങനെ പരിഗണിക്കുന്നു എന്നതിലൂടെയായിരിക്കും വിലയിരുത്തപ്പെടുകയെന്നും ഫാ. ഫിലിപ്പ് കവിയില്‍ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.