വിന്‍ഡീഷ്-ബ്രുഗ്: സ്വിറ്റ്സര്‍ലന്‍ഡിലെ ആര്‍ഗാവ് കന്റോണിലുള്ള ബ്രുഗ്-വിന്‍ഡീഷ് പാസ്റ്ററല്‍ റീജിയന്റെയും ചര്‍ച്ച് റീജിയണല്‍ സോഷ്യല്‍ സര്‍വീസിന്റെയും പത്താം വാര്‍ഷിക ജൂബിലി ആഘോഷങ്ങള്‍ ജനപങ്കാളിത്തത്തോടെ വിപുലമായി ആഘോഷിച്ചു. 'മനുഷ്യര്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയില്‍ പാലങ്ങള്‍ പണിയുക' എന്ന ആപ്തവാക്യവുമായി നടന്ന ജൂബിലി ആഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ടും ഊഷ്മളമായ സൗഹൃദ സംഭാഷണങ്ങള്‍ കൊണ്ടും അവിസ്മരണീയമായ അനുഭവമായി മാറി.

ബ്രുഗിലെ സെന്റ് നിക്കോളാസ് ദേവാലയത്തില്‍ നടന്ന പ്രത്യേക ജൂബിലി കുര്‍ബാനയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ദേവാലയത്തിന് മുന്നിലെ റഗര്‍സ്ട്രാബെയില്‍ ഒരുക്കിയ നീണ്ട തീന്‍മേശയ്ക്ക് ചുറ്റും പങ്കെടുത്തവര്‍ ഒത്തുചേര്‍ന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്‌കാരങ്ങളില്‍ നിന്നുമുള്ള നൂറുകണക്കിന് ആളുകള്‍ ഒരുമിച്ച് പങ്കെടുത്ത ഈ സ്നേഹവിരുന്ന് പുതുസൗഹൃദങ്ങള്‍ സ്ഥാപിക്കാനുള്ള മികച്ച വേദിയായി മാറി.

ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി പാസ്റ്ററല്‍ റീജിയനിലെ കുട്ടികളുടെ ഗായകസംഘം അവതരിപ്പിച്ച 'Fremde werden Freunde' (അപരിചിതര്‍ സുഹൃത്തുക്കളാകുന്നു) എന്ന മ്യൂസിക്കല്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ജൂബിലിയുടെ പ്രധാന സന്ദേശമായ സാംസ്‌കാരിക സമന്വയത്തെയും സൗഹൃദത്തെയും വിളിച്ചോതുന്നതായിരുന്നു കുട്ടികളുടെ ഈ മനോഹരമായ സംഗീത വിരുന്ന്.

കഴിഞ്ഞ 10 വര്‍ഷമായി വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന മനുഷ്യര്‍ക്കിടയിലും വിവിധ സംസ്‌കാരങ്ങള്‍ക്കിടയിലും ശക്തമായ സൗഹൃദത്തിന്റെ പാലങ്ങള്‍ പണിയാന്‍ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാസ്റ്ററല്‍ റീജിയനൊപ്പം പത്ത് വര്‍ഷം പൂര്‍ത്തിയാക്കി ചര്‍ച്ച് റീജിയണല്‍ സോഷ്യല്‍ സര്‍വീസും പ്രദേശത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും കാരുണ്യ പ്രവര്‍ത്തനങ്ങളും ഇതിലൂടെ വീണ്ടും ജനങ്ങളിലേക്ക് എത്തിക്കാനായി.

മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുമുള്ള നിരവധി ആളുകളാണ് ഈ വലിയ ഒത്തുചേരലില്‍ പങ്കാളികളായത്. ഇവിടെ അപരിചിതരായി എത്തുന്നവര്‍ പോലും പിന്നീട് ഉറ്റ സുഹൃത്തുക്കളായി മാറുന്നു എന്നുള്ളതാണ് ഈ പാസ്റ്ററല്‍ റീജിയന്റെ ഏറ്റവും വലിയ സവിശേഷത. 'ഒന്നിച്ച് മുന്നോട്ട്' എന്ന സന്ദേശം ഈ ആഘോഷത്തിലൂടെ വീണ്ടും അന്വര്‍ത്ഥമാവുകയാണ്.

ഈ ദശവാര്‍ഷിക ആഘോഷം വന്‍ വിജയമാക്കി തീര്‍ക്കാന്‍ ഒപ്പം നില്‍ക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും ദേവാലയ അധികൃതരും സംഘാടകരും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. വിവിധ ഭാഷാ-സാംസ്‌കാരിക പശ്ചാത്തലമുള്ള ജനങ്ങളെ ഒരുമിച്ച് ചേര്‍ത്തുനിര്‍ത്തുന്ന ഈ കൂട്ടായ്മ കൂടുതല്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.